jacob
ചെറുതോണിയിൽ നടന്ന കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗത്തിൽ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് സംസാരിക്കുന്നു

ചെറുതോണി. കേരളനിയമസഭാ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂമിപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പിലാക്കിയാൽ മാത്രമേ നിയമനിർമ്മാണം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്നത് വ്യക്തമാകു. നിയമത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. ഭൂമി പതിവ് നിയമങ്ങൾ ലംഘിച്ച് നടത്തിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനവേണ്ടി മാത്രമാണ് നിയമ ഭേദഗതി മൂലം പ്രയോജനം ലഭിക്കാൻ സാധ്യതയുള്ളത്. ഇതിനകം പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതിയ നിർമ്മാണങ്ങൾ നടത്തണമെങ്കിൽ ഭൂമി കൃഷിക്കും താമസത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന നിലവിലെ നിയമത്തിൽ എന്തുകൊണ്ട് ഇളവ് നൽകണമെന്ന് നിർദ്ദിഷ്ട ഉദ്യോഗസ്ഥൻ ഉത്തരവിൽ രേഖപ്പെടുത്തണം. കാർഡമം ഹിൽ റിസർവ് ഭൂമി വനഭൂമി ആക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന സർക്കാരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, അഡ്വ. തോമസ് പെരുമന, ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ്, അപു ജോൺ ജോസഫ്, എം മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, വി. എ ഉലഹന്നാൻ, എം. ജെ കുര്യൻ, ജോയികൊച്ചു കരോട്ട്, ബിജു പോൾ, ജോജി ഇടപ്പള്ളികന്നേൽ, ബാബു കീച്ചേരി, ക്ലമെന്റ് ഇമ്മാനുവൽ, ജെയിസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.