injury

അടിമാലി: മാങ്കുളം കൈനഗിരിയിൽ വിവാഹചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫറെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിനും പരിക്കേറ്റ ജെറിൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മാങ്കുളത്ത് നടന്ന ഒരു വിവാഹചടങ്ങിന്റെ ചിത്രങ്ങൾ പകർത്താനായിരുന്നു ജെറിനും സുഹൃത്തുക്കളും മാങ്കുളത്തെത്തിയത്. രാവിലെ വിവാഹ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ ഞായറാഴ്ച രാത്രിയിൽ തന്നെ ജെറിനും സുഹൃത്തുക്കളും മാങ്കുളത്ത് എത്തിയിരുന്നു. മാങ്കുളത്തെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു ജെറിനും സുഹൃത്തുക്കൾക്കും താമസ സൗകര്യമൊരുക്കിയിരുന്നത്. സംഭവത്തിൽ പ്രതികളായവർ താമസിച്ചിരുന്നതും ഇതേ റിസോർട്ടിലായിരുന്നു. താമസിക്കാനുള്ള മുറിയുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ രാത്രിയിൽ ചില തർക്കങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ തുടർച്ചയെന്നോണം വിവാഹചിത്രങ്ങൾ പകർത്തി ജെറിനും സംഘവും മടങ്ങവെ പ്രതികൾ വാഹനത്തിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. കല്ലാർ മാങ്കുളം റോഡിൽ കൈനഗിരി ഗോമതിക്കടക്ക് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. ജെറിനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്നെത്തിയ അക്രമികൾ വാഹനം റോഡിന് നടുവിലിട്ട് തടഞ്ഞു. പിന്നീട് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ജെറിനെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ജെറിന്റെ സുഹൃത്തുക്കൾ പകർത്തിയ അക്രമത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ വാതിൽ വലിച്ച് തുറക്കാൻ ശ്രമിക്കുന്നതും അസഭ്യ വർഷം നടത്തുന്നതും പിന്നീട് ജെറിനെ ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റ് രണ്ട് സുഹൃത്തുക്കളായിരുന്നു ജെറിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നത്. അക്രമി സംഘത്തിൽ ഒന്നിലധികം പേരുണ്ടായിരുന്നു. ഇവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നെന്നാണ് വിവരം. അക്രമ ശേഷം പരിക്കേറ്റ ജെറിൻ ആശുപത്രിയിൽ ചികിത്സ തേടി. ജെറിന്റെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.