cpm

തൊടുപുഴ: സി.പി.എം കരിങ്കുന്നം ലോക്കൽ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ സ്നേഹവീട് ഇനി നെല്ലാപ്പാറ മടങ്ങനാനിക്കൽ പ്രമോദിനും കുടുംബത്തിനും സ്വന്തം. ഇന്നലെ വൈകിട്ട് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസാണ് താക്കോൽ കൈമാറിയത്. വെൽഡിങ് ജോലി ചെയ്ത് കുടുംബം പുലർത്തയിരുന്ന പ്രമോദിന്റെ ജീവിതം മാറ്റിമറിച്ചത് പ്രമേഹരോഗമായിരുന്നു. ആദ്യം കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു. ഓപ്പറേഷനിലൂടെ ഒരു കണ്ണിന് കാഴ്ച തിരികെ ലഭിച്ചെങ്കിലും കിഡ്നികളുടെ പ്രവർത്തനം തകരാറിലായി. തുടർന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സ തുടർന്നു. ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായി. കടബാദ്ധ്യതകൾ കൂടിവന്നു. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണം. ഈ സമയത്താണ് സി.പി.എം കരിങ്കുന്നം ലോക്കൽ സെക്രട്ടറി കെ.ജി. ദിനകർ തന്റെ അഞ്ച് സെന്റ് ഭൂമി പ്രമോദിന് സൗജന്യമായി നൽകിയത്. തുടർന്ന് പാർട്ടിയുടെ 'സ്‌നേഹവീട്' ഈ പുരയിടത്തിൽ നിർമ്മിച്ച് പ്രമോദിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ കല്ലിട്ടു. ആറുമാസത്തനുള്ളിൽ നാട്ടുകാരുടെ സഹകരണത്തോടെ രണ്ടുമുറികളും ഹാളും അടുക്കളയും ശൗചാലയവുമുള്ള മനോഹര ഭവനം നിർമ്മിച്ച് കൈമാറി. സ്ഥലത്തിന്റെ ആധാരം ദിനകറിന്റെ അമ്മ പത്മിനി പ്രമോദിനെ ഏൽപിച്ചു. 5.5 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ശേഷം നടന്ന നയവിശദീകരണയോഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. നിർമാണ കമ്മിറ്റി ചെയർമാൻ അലക്സാണ്ടർ ജോസ് അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. മത്തായി, തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ, കരിങ്കുന്നം ലോക്കൽ സെക്രട്ടറി കെ.ജി. ദിനകർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.പി. സുലോചന, കെ.എസ്. അനന്ദു എന്നിവർ സംസാരിച്ചു. വീട് നിർമാണത്തിന്റെ എൻജിനിയർ നവാസ് ബാബു, കരാറുകാരൻ ഷൈജു ഭാസ്കരൻ, വയറിങ്, പ്ലംമ്പിങ് ജോലികൾ നടത്തിയ എം.ആർ. ബിജു എന്നിവരെ ആദരിച്ചു.