തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ മീൻമുട്ടിപ്പാറയിൽ പാറമടയ്ക്ക് മുകളിൽ കുടുങ്ങിയ ആടിനെ ഫയർഫോഴ്സ് രക്ഷിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.20നായിരുന്നു സംഭവം. അഴിച്ചുവിട്ടിരുന്ന മൂന്ന് ആട്ടിൻകുട്ടികളും തള്ളയാടുമാണ് പാറകൾക്കിടയിലകപ്പെട്ടത്. കഴുത്തിൽ കെട്ടിയിരുന്ന കയർ പാറക്കല്ലിനിടിയിലകപ്പെട്ടതിനെ തുടർന്ന് തള്ളയാടും കുട്ടികളും ഒരുമിച്ച് കുടുങ്ങുകയായിരുന്നു. ഇരുവശവും ചെങ്കുത്തായ പാറമടകളാണ് മീൻമുട്ടിപ്പാറയിൽ. ആടുകളുടെ ഉടമയായ ജോസ് നെടിയാക്കലിന് പാറമടയ്ക്ക് മുകളിൽ കയറാനായില്ല. തുടർന്ന് ജോസ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങളെത്തി ചെങ്കുത്തായ പാറയ്ക്ക് മുകളിൽ കയറി ആടിന്റെ കഴുത്തിലെ കുരുക്ക് അഴിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കുരുക്ക് വേർപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.