മൂലമറ്റം : മലങ്കര ജലാശയത്തിന്റെ ഭാഗമായ കോളപ്ര പാലത്തിന് സമീപം കാടൻകാവിൽ തുരുത്തിൽ രണ്ടേക്കർ സ്ഥലത്ത് സർക്കാർ -സ്വകാര്യപങ്കാളിത്തത്തിൽ ടൂറിസം പദ്ധതി ഒരുങ്ങുന്നു. എം.വി.ഐ.പിയുടെ സ്ഥലം ലീസിന് നൽകി പ്രോജക്ട് നടപ്പാക്കാനാണ് ലക്ഷ്യം. കോളപ്ര-തലയനാട് റോഡിന് സമീപത്തുനിന്നും കാടൻകാവിൽ തുരുത്തിലേക്ക് പ്രവേശിക്കുന്നതിന് ചെറിയ പാലം നിർമ്മിക്കും. തുരുത്തിനു ചുറ്റും പ്രഭാത നടത്തത്തിനും സായാഹ്ന സവാരിക്കുമായി നടപ്പാതകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ പ്രവേശനം അനുവദിക്കുന്ന പാർക്ക്, പാർക്കിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകൾ,​ കോട്ടേജുകൾ,​ ഇരിപ്പിടങ്ങൾ എന്നിവയും നിർമ്മിക്കും. നാടൻ ഭക്ഷണ വിഭവങ്ങളും സജ്ജമാക്കും. തുരുത്തിനോടു ചേർന്ന് മീൻ വളർത്തൽ കേന്ദ്രം ആരംഭിക്കും. ഇവിടെ നിന്നും മലങ്കര ജലാശയം വഴി മൂലമറ്റം ത്രിവേണി സംഗമത്തിലേക്ക് സോളാർ ബോട്ടിംഗിനും പദ്ധതിയുണ്ട്. പാസ് വഴിയാണ് പ്രവേശനം.

=പദ്ധതി നടത്തിപ്പിന്ഏ ഴ് അപേക്ഷകൾ ലഭിച്ചു.ഒക്ടോബർ 30 വരെ സ്വകാര്യസംരംഭകർ, ​ സർക്കാർ-അർധസർക്കാർ ഏജൻസികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും.

ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനം. രൂപ രേഖ സംബന്ധിച്ച് നടന്ന ചർച്ചയിൽ മന്ത്രി റോഷി അഗസ്റ്റിന്‍ നിർദ്ദേശങ്ങൾ നൽകി.

ആലോചനാ യോഗത്തിൽ കെ.ഐ.ഐ.ഡി.സി ചീഫ് എൻജിനീയർ പ്രകാശ് നടിക്കുള, പ്രൊജക്ട് കോ-ഓർഡിനേറ്റർ എസ്.ആർ.ശരത്ത്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, പഞ്ചായത്തംഗം സി.എസ്.ശ്രീജിത്ത്, ഉണർവ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കരിമ്പാനി, രാജു സി.ഗോപാൽ, സണ്ണി കൂട്ടുങ്കൽ, ഡോ.കെ.സോമൻ , ചന്ദ്രൻ പടിഞ്ഞാറെ ചോനാട്ട്, ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പൽ തോംസൺ പിണക്കാട്ട്, റെജി തേക്കുംകാട്ടിൽ, ജോർജ് മലേക്കുടി, തോമസ് മൈലാടൂർ, പി.ആർ.സജീവൻ, സജീവൻ പൊട്ടനാംകുന്നേൽ, കെ.വി.വിനോദ് എന്നിവർ

പങ്കെടുത്തു.

വിനോദസഞ്ചാരികൾക്ക്

ഇടത്താവളമാകും

പദ്ധതി നടപ്പാകുന്നതോടെ ടൂറിസം വികസനത്തിനായുള്ള നാട്ടുകാരുടെ അഭിലാഷം യാഥാർത്ഥ്യമാകും. രണ്ടാംഘട്ടമായി കൂടുതൽ ടൂറിസം പ്രോജക്ടുകൾ കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാഗമൺ, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇടത്താവളമായി മേഖലയെ മാറ്റുന്നതിനുള്ള ശ്രമവും ആരംഭിച്ചു. മൂലമറ്റം ത്രിവേണി സംഗമത്തിന് സമീപം കോൺക്രീറ്റ് പാലം നിർമ്മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആദ്യഘട്ട സർവേയും മണ്ണ് പരിശോധനയും പൂർത്തിയായ ശേഷമുള്ള പാലത്തിന്റെ ഡിസൈനിംഗും നടന്നുവരികയാണ്. പാലം പൂർത്തിയായാൽ മൂലമറ്റം, മൂന്നുങ്കവയല്‍, കൂവപ്പിള്ളി, ഇലവീഴാപൂഞ്ചിറ വഴി ഈരാറ്റുപേട്ടയ്ക്ക് ബസ് സർവീസ് ഉൾപ്പെടെ ആരംഭിക്കാനും കഴിയും. വലിയാർ, നാച്ചാർ, പവർഹൗസ് കനാൽ ഉൾപ്പെടുന്ന ത്രിവേണി സംഗമത്തിന്റെയും ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകളുടെയും വികസനത്തിനും വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനും പദ്ധതി വഴി സാധിക്കും.