ഇടുക്കി: രണ്ട് കുരുന്ന് ജീവനുകളെടുത്ത് ജില്ലയിൽ വീണ്ടും മുങ്ങി മരണം. വ്യാഴാഴ്ച കട്ടപ്പന ഇരട്ടയാർ ടണലിൽ അകപ്പെട്ട രണ്ട് കുട്ടികൾ മുങ്ങി മരിച്ചതാണ് നാടിനെ നടുക്കിയ ഏറ്റവുമൊടുവിലെ സംഭവം. ഓണാവധിക്ക് അമ്മ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽ പെടുന്നത് നാടിന് ഏറെ നൊമ്പരമാണ് സൃഷ്ടിക്കുന്നത്. ഇടുക്കിയിലെ ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. മറഞ്ഞിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. എത്ര നന്നായി നീന്തൽ അറിയാമെങ്കിലും ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെടുന്നത്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. അതിനു കഴിഞ്ഞില്ലെങ്കിൽ നന്നായി നീന്താൻ അറിയാവുന്നവർ മാത്രം ചാടണം. കുട്ടികൾ ഒരുകാരണവശാലും ഇതിനു മുതിരരുത്. മദ്യപിച്ചിട്ടുണ്ടെങ്കിൽ നീന്തലറിയാമെങ്കിൽ പോലും വെള്ളത്തിലിറങ്ങരുത്.

രക്ഷിതാക്കൾ

ശ്രദ്ധിക്കാൻ

 വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളിൽ കുട്ടികൾ ഒറ്റയ്ക്ക് എത്തിപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണം.
 മൂടാത്ത കിണറുകൾ, പൊട്ടക്കിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങിയവയ്ക്കടുത്ത് കുട്ടികളെ വിടരുത്

 വീടിനടുത്ത ജലാശയങ്ങൾക്ക് സമീപം വേലി, മതിൽ കെട്ട് തുടങ്ങിയവ ഒരുക്കി സുരക്ഷ ഉറപ്പാക്കണം.

ഹൈറേഞ്ചിൽ

സ്‌കൂബാ ടീമില്ല

ജില്ലയിൽ ഫയർഫോഴ്സിന് തൊടുപുഴയിൽ മാത്രമാണ് സർവസജ്ജമായ സ്‌കൂബാ ടീം പ്രവർത്തിക്കുന്നത്. സ്‌കൂബാ വാൻ, ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്‌കൂബാ ടീം, സ്‌കൂബ സെറ്റുകൾ എന്നിവയടക്കമുള്ള സൗകര്യം തൊടുപുഴ സ്റ്റേഷനിൽ മാത്രമാണുള്ളത്. ഇടുക്കി, പീരുമേട്, കട്ടപ്പന എന്നീ സ്റ്റേഷനുകളിൽ ഡിങ്കി ബോട്ടുണ്ടെങ്കിലും പരിശീലനം ലഭിച്ച ഡൈവർമാർ കുറവാണ്. ഇതുമൂലം ഹൈറേഞ്ചിൽ എവിടെയെങ്കിലും അത്യാഹിതം സംഭവിച്ചാൽ തൊടുപുഴ നിന്ന് സ്‌കൂബാ ടീമെത്തിയിട്ട് വേണം രക്ഷാപ്രവർത്തനം നടത്താൻ. ഇന്നലെ രാവിലെ കുട്ടികൾ ടണലിൽ അകപ്പെട്ടെങ്കിലും തൊടുപുഴയിൽ നിന്ന് സ്കൂബാ ടീമെത്തിയപ്പോഴേക്കും വൈകിട്ടായി.

നീന്തൽ പാഠ്യപദ്ധതിയുടെ

ഭാഗമാക്കണം

നീന്തൽ പോലുള്ള അതിജീവന പാഠങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കാൻ ഒട്ടും വൈകികൂടാ. നാലുവയസിന് മുമ്പ് നീന്തൽ പഠിച്ചാൽ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാമെന്നാണ് പഠനങ്ങൾ. ഒരു വയസിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകൾ അനുസരിക്കാനും പ്രത്യേകം പരിശീലനം നൽകണം. ജലസമ്പർക്കം ഒഴിവാക്കേണ്ട അവസരങ്ങളെ കുറിച്ച് അറിവുണ്ടാകുക എന്നത് പ്രധാനമാണ്. സന്നദ്ധസംഘടനകളിലൂടെയും നീന്തൽ പരിശീലനം നടത്താവുന്നതാണ്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് ഇപ്പോൾ തുടക്കംകുറിച്ചുട്ടുണ്ടെന്നത് ശുഭകരമാണ്.