കട്ടപ്പന: ഇരട്ടയാറ്റിലെ ടണലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടി അസൗരേഷ് അ‌ഞ്ചുരുളി ഡാമിലേക്ക് ഒഴുകിയെത്തിയെങ്കിൽ എത്ര സമയമെടുത്തുവെന്ന് കണക്കാക്കാൻ വെള്ളത്തിലൂടെ കന്നാസ് ഒഴുക്കി പരീക്ഷണം. ഇരട്ടയാറ്റിലെ തെരച്ചിലിന് ശേഷമായിരുന്നു ഫയർഫോഴ്സ് സംഘം അഞ്ചുരുളി ഭാഗങ്ങളിൽ തെരച്ചിൽ ആരംഭിച്ചത്. ഇരട്ടയാറ്റിൽ നിന്ന് അഞ്ച് കിലോമീറ്റർ നീളമുള്ള ടണലിലൂടെയാണ് അഞ്ചുരുളിയിലേക്ക് വെള്ളമെത്തുന്നത്. ഇതിലൂടെ ഒരു വസ്തു ഇരട്ടയാറ്റിൽ നിന്ന് അഞ്ചുരുളിയിലെത്താൻ എടുക്കുന്ന സമയം കണക്കാക്കാനാണ് ചെറിയ കന്നാസ് ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുക്കാൽ മണിക്കൂറിനോട് അടുത്ത് സമയമെടുത്താണ് പ്ലാസ്റ്റിക് കന്നാസ് അഞ്ചുരുളിയിലെത്തിയത്. ഈ സാഹചര്യത്തിൽ ഫയർഫോഴ്സ് സംഘം അഞ്ചുരുളിയിൽ എത്തുന്നതിന് മുമ്പേ കുട്ടി തുരങ്കത്തിലൂടെ ഒഴുകി എത്തിയോ എന്ന സംശയം നിലനിൽക്കുകയാണ്. തുടർന്ന് സ്‌കൂബാ ടീമിന്റെ നേതൃത്വത്തിൽ അഞ്ചുരുളി ഡാമിലും പരിശോധന നടത്തി. തുടർന്ന് സ്‌കൂബ ടീം തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജാഫർ ഖാൻ, ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയ്, ഫയർഫോഴ്സ് ഇടുക്കി സ്റ്റേഷൻ ഓഫീസർ സി അഖിൻ, നെടുങ്കണ്ടം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജീവൻ ഐസക്, കട്ടപ്പന സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ വിജയ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.