തൊടുപുഴ : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിൽ ഉള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വകുപ്പിന്റെ അടിസ്ഥാന ഓഫീസുകളായ വില്ലേജുകളെ ആധുനികവൽക്കരിക്കുന്ന നടപടികൾ പാതിവഴി പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ പകുതിയോളം വില്ലേജുകൾ സ്മാർട്ട് വില്ലേജ് ആയി പ്രവർത്തനം മാറി കഴിഞ്ഞു. ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്..ജില്ലയിൽ മണക്കാടിനൊപ്പം മൂന്നാർ, കുഞ്ചിത്തണ്ണി, ചക്കുപള്ളം, കുമളി വില്ലേജുകളുടെയും സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭം കുറിച്ചു. ജനങ്ങൾക്ക് പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏറ്റവും വേഗത്തിൽ സേവനങ്ങൾ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് വില്ലേജ് വില്ലേജ് നിർമ്മാണവും നടക്കുന്നത്. മണക്കാട് ഗവ. എൻ എസ് എസ് എൽ പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ജെ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ജേക്കബ്, ഇടുക്കി സബ് കളക്ടർ അനൂപ് ഗർഗ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.ആർ പ്രമോദ് (സിപിഐ), ദിലീപ് കുമാർ (സിപിഎം), ബി. സഞ്ജയ് കുമാർ ( കോൺഗ്രസ്), ജോൺസ് നന്ദലം (കേരള കോൺഗ്രസ് എം), ജോയി ജോസഫ് (കേരള കോൺഗ്രസ്), എബി കുര്യാക്കോസ് (ആർ ജെ ഡി ), ബാബു വർഗീസ് (കേരള കോൺഗ്രസ് ജേക്കബ്), ശ്രീകാന്ത് എസ് (ബി ജെ പി), എം കെ രൂപക് (ആർഎസ് പി എൽ), ബിജു നെടുങ്ങോത്ത് (ജനാധിപത്യ കേരളാ കോൺഗ്രസ്സ്), വാർഡ് മെമ്പർ ജീന അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾ സ്വാഗതവും തഹസിൽദാർ (ഭൂരേഖ) റാം ബിനോയ് നന്ദിയും രേഖപ്പെടുത്തി.