പീരുമേട്: ശ്രീ നാരായണ ഗുരു ആത്മീയതയേയും ഭൗതികതയേയും ലയിപ്പിച്ച് പുതിയ സമൂഹത്തെ സൃഷ്ടിച്ച മഹാശാസ്ത്രജ്ഞനായ ഗുരുവാണന്ന് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. കുറപ്പുപാലം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ സമാധിദിനാചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ നേതാവ് മാത്രമായി ഗുരുവിനെ ചിത്രീകരിക്കുകയും സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനും കവിയും സാംസ്‌കാരിക നായകനും ശാസ്ത്രത്തിന്റെ പിൻബലത്തോടെ ജീവിതത്തെ പുനരാവിഷ്കരിക്കുകയും ചെയ്ത ഗുരുവിന് വേണ്ട പ്രാധാന്യം നൽകാതിരിക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പീരമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ്,​ കെ. സദൻ,​ രാജൻ കെ. ഗോപി,​ ശാഖാ പ്രസിഡന്റ് സരേഷ് ഇല്ലിമൂട്ടിൽ,​ സെക്രട്ടറി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഗുരുദേവ കൃതികളുടെ പാരായണം,​ സമാധി ഗാനം തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു.