തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ 44 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും സമൂഹപ്രാർത്ഥന, ഗുരുദേവ കൃതിയുടെ പാരായണം, വിശേഷാൽ ഗുരുപൂജ, ഉപവാസം, പ്രഭാഷണം, സമാധി പൂജ, തുടർന്ന് അമൃതഭോജനം എന്നിവ നടന്നു. ഗുരുഭക്തർ രാവിലെ തന്നെ വൃതാനുഷ്ഠാനത്തോടെ മഹാസമാധി ദിനാചരണത്തിൽ പങ്കെടുത്തു. യൂണിയൻ ചെയർമാൻ ബിജു മാധവൻ,​ കൺവീനർ പി.ടി. ഷിബു,​ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, എ.ബി. സന്തോഷ്, സ്മിത ഉല്ലാസ് എന്നിവർ വിവിധ ശാഖകളിൽ നടന്ന സമാധി ദിനാചരണ ചടങ്ങുകളിൽ പങ്കെടുത്തു.