
തൊടുപുഴ: നെഹൃ യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിന് ജില്ലയിലും തുടക്കമായി. നെഹൃ യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് മണക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടത്തിയ ശുചീകരണ പ്ലാസ്റ്റിക് ശേഖരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ചു. നെഹൃ യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സച്ചിൻ എച്ച്. ആമുഖപ്രസംഗം നടത്തി. ശുചിത്വം പ്ലാസ്റ്റിക് ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ഏകോപിപ്പിക്കുക, ശ്രമദാന പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ ശുചീകരണ പ്ലാസ്റ്റിക് ശേഖരണ പരിപാടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ക്യാമ്പയിൻ നടത്തി വരുന്നത്.
സ്‌കൂൾ പ്രിൻസിപ്പൽ എം.പി. സിന്ധുമോൾ , പി.ടി.എ മുൻപ്രസിഡന്റ് അനൂപ്. എസ്, വൈസ് പ്രസിഡന്റ് അനൂപ് ജി. നായർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ.ആർ. നന്ദിയും പറഞ്ഞു. മണക്കാട് പരിസരപ്രദേശങ്ങളിൽ നിന്നുമായി പത്ത് ചാക്കോളം പ്ലാസ്റ്റിക് ശേഖരിച്ചു. മിനിമോൾ വി.സി, സരിത രവീന്ദ്രൻ, ജയരാജ് എന്നിവർ നേതൃത്വം നല്കി.