തൊടുപുഴ: നഗരസഭാ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി കരാറുകാരന് ലക്ഷങ്ങൾ ബില്ല് മാറി നൽകിയ സംഭവത്തിൽ തൊടുപുഴ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. കരാറുകാരന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തിനാൽ ബില്ല് തുകയുടെ പകുതി മാത്രം നൽകിയാൽ മതിയെന്ന കൗൺസിൽ തീരുമാനം നിലനിൽക്കെ മുഴുവൻ തുകയും ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചയായി. തുടർന്നാണ് കൗൺസിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
നഗരത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണിക്ക് രണ്ട് കരാറുകളാണ് നൽകിയിരുന്നത്. അതിൽ ആൻസൽ എന്ന കരാറുകാരന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. അയാൾക്ക് നൽകാനുള്ള കരാർ തുകയിൽ 6,80,000 രൂപ അനുവദിക്കാനുള്ള ബില്ല് രണ്ടു മാസം മുമ്പ് ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നു. എന്നാൽ പണി തൃപ്തികരമായി നടത്തിയിട്ടില്ലെന്ന് നിരവധി കൗൺസിലർമാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് കരാറുകാരന് പകുതി തുക നൽകിയാൽ മതിയെന്ന് തീരുമാനിച്ചാണ് അന്ന് കൗൺസിൽ പിരിഞ്ഞത്. നഗരസഭാ വാർഷിക പദ്ധതിയിൽ സ്ട്രീറ്റ് ലൈറ്റ് പരിപാലനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാവിലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് ട്വിസ്റ്റ്. ഈ കരാറുകാരന് 83,000 രൂപ കൂടി നൽകാനുണ്ടെന്ന് എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. കൗൺസിലർമാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ ഈ തുക വേണമെങ്കിൽ പിടിച്ചുവയ്ക്കാമെന്നും നിരതദ്രവ്യം നഗരസഭാ ഫണ്ടിലേക്ക് മുതൽക്കൂട്ടാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അപ്പോഴാണ് ബാക്കി പണം മുഴുവൻ കൊടുത്ത കാര്യം കൗൺസിൽ അറിയുന്നത്. പഴയ ബിൽ തുകയായ 6,80,000 രൂപയുടെ പകുതിയായ 3,40,000 രൂപ നൽകിയാൽ മതിയെന്ന തീരുമാനം മുൻ ചെയർമാൻ സനീഷ് ജോർജ്ജ് ഓർമിപ്പിച്ചു. ഇതോടെ കൗൺസിലിനെ നോക്കുകുത്തിയാക്കി മുഴുവൻ തുകയും നൽകിയത് സംബന്ധിച്ച് പൊലീസിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു. തുടർന്നാണ് കൗൺസിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
അന്വേഷണം വേണ്ടെന്ന് സെക്രട്ടറി, വേണമെന്ന് കൗൺസിൽ
ചില ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് മനസിലാക്കിയ നഗരസഭാ സെക്രട്ടറി, കൗൺസിൽ തീരുമാനം റദ്ദാക്കാൻ യോഗത്തിൽ അപേക്ഷിച്ചു. എന്നാൽ കൗൺസിലർമാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കൗൺസിൽ വഴങ്ങിയില്ല.