irattayar
അഞ്ചുരുളി ടണലിന്റെ ഇരട്ടയാട്ടിലെ തുടക്ക ഭാഗം. ടണലിനു മുന്നിൽ കോൺക്രീറ്റ് ഗ്രില്ല് നിർമ്മിച്ചിരിക്കുന്നു.

കട്ടപ്പന: ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്ന ടണലിന്റെ പരിസരം സുരക്ഷിതമാക്കണമെന്ന ആവശ്യം ഉയരുന്നു. നിരവധി മുങ്ങിമരണങ്ങളാണ് ഇരട്ടയാർ ഡാമിലും ടണൽ പരിസരത്തും ഉണ്ടായിട്ടുള്ളത് . ഒടുവിൽ രണ്ട് കുട്ടികളുടെ ജീവനും ഇരട്ടയാറ്റിൽ പൊലിഞ്ഞു. പലപ്പോഴും മൃതദേഹങ്ങൾ ഇരട്ടയാർ ടണലിന്റെ മുമ്പിലെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കി കിടക്കും. എന്നാൽ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ലെങ്കിൽ ടണലിലൂടെ ഒഴുകി അഞ്ചുരുളിയിലെത്തുമെന്ന നിഗമനമാണ് ഉള്ളത്. പിന്നീട് മൃതദേഹത്തിനായുള്ള തിരച്ചിൽ അഞ്ചുരുളി കേന്ദ്രമായിട്ടും നടത്താൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങും. അതിനിടയിൽ ടണലിലെവിടെയെങ്കിലും മൃതദേഹം ഉടക്കി കിടക്കുമോ എന്ന സംശയവും ഉയർന്നുവരും. പിന്നീട് ടണലിലും പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നു. എന്നാൽ ടണലിലെ പരിശോധന ഏറെ ശ്രമകരവും ദുഷ്‌കരവുമായിരിക്കും. ഇരട്ടയാർ ടണൽ മുഖത്തെ കോൺക്രീറ്റ് ഗ്രില്ലിന് സമീപത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നതാണ് പ്രദേശവാസികൾ പറയുന്നത്. നിരവധി കുട്ടികളടക്കം മേഖലയിൽ കളിക്കാനും മറ്റുമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏതു സമയവും മേഖലയിൽ അപകടം പതിയിരിക്കുന്നുണ്ട്. ടണലിനുള്ളിൽ ആളുകൾ കുടുങ്ങി രക്ഷപ്പെടുത്തിയ ചരിത്രവും ഉണ്ടായിട്ടുണ്ട്. തണൽ മുഖത്തും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഡാം സേഫ്‌റ്റി അതോറിട്ടിയും കെ.എസ്.ഇ.ബിയും തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികൾ മന്നോട്ടുവയ്ക്കുന്ന ആവശ്യം.

നിർമ്മിച്ചത് കെ.എസ്.ഇ.ബി

ഇരട്ടയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാനാണ് കെ.എസ്.ഇ.ബി ടണൽ നിർമ്മിച്ചത്. 1974 മാർച്ചിൽ ആരംഭിച്ച ടണൽ നിർമ്മാണം 1980 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്റർ നീളത്തിൽ ഒറ്റപ്പാറയിൽ അഞ്ചുരുളിയിലും ഇരട്ടയാറിലും ഒരുപോലെ നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിച്ചതാണ് അഞ്ചുരുളി ടണൽ.