കട്ടപ്പന :പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന എയ്സ് ഹോട്ടലിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് നഗരസഭ ഹെൽത്ത് സൂപ്രണ്ട് ജിൻസ് സിറിയക്ക് അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് പള്ളിക്കവലയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ നിന്നും പുഴുവിനെ കണ്ടെത്തുകയും, ഈ ഭക്ഷണം കഴിച്ച കുട്ടികൾ ഛർദിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ചിക്കനിലും പ്ലേറ്റിലും വിദ്യാർത്ഥികളുടെ കൈയ്യിലും പുഴുക്കൾ കയറിയ വീഡിയോ ദൃശ്യങ്ങളും പിന്നാലെ പ്രചരിച്ചു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയിൽ പരാതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും രണ്ടു ഹോട്ടലുകൾക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു.