sign-board
മരച്ചില്ലകളാൽ മൂടിയ തൊടുപുഴ പാലത്തിലെ ദിശാ ബോ‌ർഡ്

തൊടുപുഴ: ഗാന്ധി സ്‌ക്വയറിൽ നിന്ന് പാലം കയറി വരുന്ന ഒരു വാഹനയാത്രികൻ വഴിയറിയാൻ ദിശാബോർഡിലേക്ക് നോക്കിയാൽ നിരാശയായിരിക്കും ഫലം. വലിയ ബോർഡിൽ വ്യക്തമായി സ്ഥലവും ദൂരവുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരച്ചില്ലകൾ വളർന്ന് ദിശാബോർഡ് പൂർണമായും മറഞ്ഞ നിലയിലാണ്. ഇതുകാരണം ഏത് ഭാഗത്തേക്ക് പോകണമെന്നറിയാതെ യാത്രക്കാർ കുഴയുന്ന സ്ഥിതിയാണുള്ളത്. ആംബുലൻസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന പാതയിലാണ് ഈ ദുരവസ്ഥ. ഈയൊരു ബോർഡിന്റെ മാത്രം സ്ഥിതിയല്ല ഇത്, നഗരത്തിലെ മിക്ക ദിശാ ബോർഡുകളുടെയും അവസ്ഥയിതാണ്. തൊടുപുഴ കോലാനി റോഡിലും തണൽ മരങ്ങളുടെ ചില്ലകളാൽ മറഞ്ഞ് നിൽക്കുന്ന നിരവധി ദിശാബോർഡുകളുണ്ട്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകളിൽ തട്ടുന്നത് ലോറിയടക്കമുള്ള വലിയ വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മരച്ചില്ലകൾ വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞ് വീണും ഗ്ലാസിൽ തട്ടിയും കേടുപാടുകളുണ്ടാകുന്നത് പതിവാണ്. പടർന്ന് പന്തലിച്ച ഈ മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നഗരസഭാ അധികൃതർ തയ്യാറാകുന്നില്ല. നിരന്തരം മഴ നനഞ്ഞ് പായലും മറ്റും

മൂടിയും നിരവധി ദിശാബോർഡുകളിലെ എഴുത്ത് വ്യക്തമല്ലാതായിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും ഇവ ശുചിയാക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. പലതും ഏത് ദിശയാണ് സൂചിപ്പിക്കുന്നതെന്നോ എന്താണ് എഴുതിയിരിക്കുന്നതെന്നോ പോലും വ്യക്തമാകാത്ത രീതിയിലാണ് സ്ഥിതി ചെയ്യുന്നത്. തുരുമ്പ് കയറി നശിച്ചവയുമുണ്ട് ഇക്കൂട്ടത്തിൽ. വ്യക്തമല്ലാത്ത ദിശാബോർഡുകൾ രാത്രികാല യാത്രികരെയാണ് ഏറെയും ബാധിക്കുന്നത്.

കണ്ണടഞ്ഞ് നിരീക്ഷണ ക്യാമറകളും

ദിശാബോർഡുകൾ കൂടാതെ നഗരത്തിലെ പല നിരീക്ഷണക്യാമറകളും മരചില്ലകളാൽ മറഞ്ഞ നിലയിലാണ്. ഇതുകാരണം നഗരത്തിൽ എന്തെങ്കിലും അപകടം നടന്നാലോ കുറ്റകൃത്യം നടന്നാലോ അത് കണ്ടെത്താൻ പോലും കഴിയാത്ത സ്ഥിതിയുമുണ്ട്. ബാക്കിയുള്ള നിരീക്ഷണ ക്യാമറകളിൽ പലതും പ്രവർത്തനരഹിതവുമാണ്. തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള ക്യാമറകളുടെ പ്രവർത്തനം നിലച്ചിട്ട് പോലും നാളുകളായി.