മുതലക്കോടം: കുന്നം- മുതലക്കോടം ബൈപാസ് നിർമ്മാണം വൈകിപ്പിക്കാനുള്ള നീക്കത്തിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകൾ. നഗരസഭയുടെ ടൗണ്‍പ്ലാനിങ്ങിലും ബൈപാസ് ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ടോക്കണ്‍ വയ്ക്കുകയും നഗരസഭയിൽ നിന്ന് അനുകൂല റിപ്പോർട്ട് സർക്കാരിലേയ്ക്ക് കൈമാറുകയും ചെയ്തു. ബൈപാസിനെതിരെ ചിലർ വ്യാജ പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുന്നതായും റെസിഡന്റ്സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. മുതലക്കോടം ടൗണിൽ നിന്ന് നൂറുമീറ്റർ അകലെ കൂടിയാണ് ബൈപാസ് കടന്നു പോകുന്നത്. അതിനാൽ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്ക് ഇത് പ്രയോജനപ്പെടും. റോഡ് കടന്നു പോകുന്ന വയൽ ഭാഗത്ത് ഫ്ലൈ ഓവർ പണിയാനാണ് നഗരസഭ എൻജിനിയറിങ് വിഭാഗത്തിന്റെ ശുപാർശ. വയൽ നികത്തി കെട്ടിടം പണിത് വ്യാപാരം നടന്നുന്നവരാണ് നീർത്തട സംരക്ഷണം എന്ന പേരിൽ ഇറങ്ങിയിട്ടുള്ളതെന്നും മുതലക്കോടത്തിന്റെ വികസനം പിന്നോട്ടടിക്കാനുള്ള ഇത്തരക്കാരുടെ തന്ത്രമാണിതെന്ന് അധികൃതർ മനസിലാക്കണമെന്നും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രസിഡന്റ്മാരായ ജോസ് മേക്കുന്നേൽ, കെ.എസ്‌. ഹസൻ കുട്ടി എന്നിവർ പറഞ്ഞു.