excise
കുമളി എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ

കുമളി: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ എക്‌സൈസ് പിടികൂടിയത് 75 മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 225 കേസുകളും 250 പ്രതികളും. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷൻസ് സ്‌ക്വാഡും ഇടുക്കിയിലെ മറ്റ് എക്‌സൈസ് ഓഫീസുകളിലുമായാണ് 225 കേസുകൾ ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ടെത്തിയത്. ഇതിൽ 250 പ്രതികളെ അറസ്റ്റ് ചെയ്തു. 75 കിലോ കഞ്ചാവ്, 500 ലിറ്റർ മദ്യം, 400 ലിറ്റർ വാറ്റ് ചാരായം, 2000 ലിറ്റർ കോട, അരിഷ്ടം, ഹാഷിഷ് ഓയിൽ, ബ്രൗൺഷുഗർ, ചരസ് രാസ ലഹരി എം.ഡി.എം.എ എന്നിവയുൾപ്പെടെ പിടികൂടി. പത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തു. കുമളി ചെക്‌പോസ്റ്റിൽ മാത്രം പത്തോളം മയക്കുമരുന്ന് കേസുകൾ കണ്ടെടുത്തു. ഒരു കിലോ ഹാഷിഷ് ഓയിൽ,​ അരക്കിലോ കഞ്ചാവ്, 250 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കുമളിയിൽ നിന്ന് പിടികൂടി. മയക്ക്മരുന്ന് തീർത്തും കുറഞ്ഞ അളവിൽ പിടിക്കപ്പെട്ട കേസുകളും നിരവധിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്തേ ശേഷം കൗൺസിലിംഗ് നിർദ്ദേശിച്ച് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. കുമളി ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പിടിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകി വിട്ടയച്ചിരുന്നു.

ചെക്പോസ്റ്റുകളിൽ കൂടുതൽ സൗകര്യം വേണം

ചെക്പോസ്റ്റുകളിൽ വാഹനത്തിരക്ക് കാരണം പരിമിതമായ സമയമാണ് പരിശോധനയ്ക്ക് ലഭിക്കുക. ഡോഗ് സ്‌ക്വാഡിന്റെ സേവനം സ്ഥിരമായി ചെക് പോസ്റ്റുകളിൽ ലഭിക്കുന്നില്ല. ആവശത്തിന് വെളിച്ചവും പരിശോധന ഉപകരണങ്ങളുടെ കുറവും ചെക്ക് പോസ്റ്റുകളിൽ നിന്ന് മയക്ക് മരുന്നുകൾ കണ്ടെത്തുന്നതിന് തടസമാകുന്നുണ്ട്.