കട്ടപ്പന: ഇരട്ടയാർ ജലാശയത്തിൽ ഒഴുക്കിൽപെട്ടു മരിച്ച കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ- രജിത ദമ്പതികളുടെ മകൻ അമ്പാടിയെന്ന അതുൽ ഹർഷിന്റെ (13) മൃതദേഹം രജിതയുടെ മൂത്ത സഹോദരൻ രാജീവിന്റെ കടമാക്കുഴിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു അതുൽ. ഒപ്പം അപകടത്തിൽപെട്ട അമ്മാവന്റെ മകൻ അസൗരേഷിന്റെ മൃതദേഹം ഇന്നലെ ഉപ്പുതറയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു. അതുലിന്റെ അമ്മ രജിതയും അസൗരേഷിന്റെ പിതാവ് രതീഷും സഹോദരങ്ങളാണ്. ഇരട്ടയാർ ടണലിനു സമീപം ക്യാച്ച്‌മെന്റ് ഏരിയയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപെട്ടത്. അപകടം നടന്നയുടൻ തന്നെ അതുലിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുതുകുളം കെ.വി സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുമിത്രാദികൾ, പ്രദേശവാസികൾ കൊച്ചു കൂട്ടുകാർ തുടങ്ങിയവർ എത്തിയിരുന്നു.