തൊടുപുഴ: 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടനാ ശാക്തീകരണത്തിനുമായി മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശില്പശാല 26ന് വാഗമണ്‍ ഹണി ത്രീ റസിഡന്‍സിയില്‍ നടക്കും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ ശില്പശാലയ്ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രതിനിധികളുടെ രജിസ്ട്രഷന്‍,​ 10ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന നിരീക്ഷകന്‍ അഡ്വ. പി.എം. സാദിഖലി, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എ. സമദ് എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം മണ്ഡലാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി സംഘടനാ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കും.