കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മിഷൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കുമളിയിലേക്ക് മാർച്ച് നടത്തിയ സമരക്കാരെ ലോവർ ക്യാമ്പിൽ പൊലീസ് തടഞ്ഞു. സമരക്കാർ റോഡിൽ കുത്തിയിരുന്നതിനെ തുടർന്ന് തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുല്ലപ്പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ, തമിഴ്നാട് ഫാർമേഴ്സ് അസോസിയേഷൻ സംഘടനകൾ നടത്തിയ സമരത്തിൽ നൂറിൽ താഴെ പേർ അണിനിരന്നപ്പോൾ സമരക്കാരേക്കാൾ ഇരട്ടിയിലധികം പൊലീസ് സന്നാഹമായിരുന്നു ലോവർ ക്യാമ്പിലുണ്ടായിരുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ സംഘടനകൾ സമരം നടത്തുന്നത്. മുല്ലപ്പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ ചെയർമാൻ ബാലസിങ്കം സമരത്തിന് നേതൃത്വം നൽകി.