തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബും വയലറ്റ് ഫ്രെയിംസും സംയുക്തമായി സംഘടിപ്പിച്ച ഇടുക്കി ഫിലിം ഫെസ്റ്റിവൽ (ഐ.ഡി.എഫ്.എഫ് 2024) വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഫിലിം പ്രദർശനവും ഇന്ന് പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും. രാവിലെ 10ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി പ്രദർശനം ഉദ്ഘാടനം ചെയ്യും. രാഹുൽ ശശിധരൻ സംവിധാനം ചെയ്ത രാജകുമാരി, ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്ത ഹിതം, സിരിൻസൺ സംവിധാനം ചെയ്ത അവസാനത്തെ മോഷണം, റിതിൻ രാജേഷ് സംവിധാനം ചെയ്ത വെള്ളിയാഴ്ചകളിലെ വെള്ളിമുട്ടകൾ, മനു വിശ്വംഭരൻ സംവിധാനം ചെയ്ത യാത്ര തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പുരസ്‌കാര വിതരണം തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം രമ്യ പണിക്കർ വിജയികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്യും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച ക്യാമറാമാൻ, മികച്ച എഡിറ്റർ, മികച്ച പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിൽ അവാർഡും വിതരണം ചെയ്യും. മികച്ച ഷോർട്ട്ഫിലിമിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. രണ്ടാമത്തെ മികച്ച ഹൃസ്വ ചിത്രത്തിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും മൂന്നാമത്തെ മികച്ച ഷോർട്ട്ഫിലിമിന് 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. പ്രസ്‌ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, ട്രഷറർ ആൽവിൻ തോമസ്, വിധികർത്താവ് ജിന്റോജോൺ, വൈസ് പ്രസിഡന്റ് പി.കെ.എ ലത്തീഫ്, ഫെസ്റ്റിവൽ കൺവീനർ ലിന്റോ തോമസ്, കോ ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പ്രസംഗിക്കും.