അടിമാലി: യുവാവിനെ മർദ്ദിച്ച കേസിൽ പിടിയിലായ പ്രതിയുടെ ദേഹപരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തി. അടിമാലി 200 ഏക്കർ മയിലാടുംകുന്ന് വാഴശ്ശേരിയിൽ അക്ഷയിനെയാണ് (24) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് അടിമാലി മുക്കാലേക്കർ കല്ലിക്കൽ ജസ്റ്റിനെ (27) വീടിന് സമീപം മർദ്ദിച്ച സംഭവത്തിൽ ജസ്റ്റിന്റെ മൊഴിയെ തുടർന്നാണ് ഇയാളെ ഇന്നലെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ദേഹ പരിശോധന നടത്തുന്നതിനിടെ പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് ഗ്രാം കഞ്ചാവും കണ്ടെത്തി. ഇതോടെ പ്രതിക്കെതിരെ എൻ.ഡി.പി.സി ആക്ട് പ്രകാരവും കേസെടുത്തു. ഇതോടെ പ്രതിക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പാലക്കാടും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.