തൊടുപുഴ: വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നാളെ രാവിലെ 11ന് വഴിത്തലയിൽ നടക്കുമെന്ന് ബാങ്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1925 മാർച്ച് 17ന് 13 വ്യക്തികൾ ചേർന്ന് ദേശവർദ്ധിനി എന്ന പേരിൽ ആരംഭിച്ച പരസ്പര സഹായ സംഘമാണ് പിന്നീട് വഴിത്തല സർവീസ് സഹകരണ ബാങ്കായി രൂപാന്തരപ്പെട്ടത്. 50 കോടിയിലധികം നിക്ഷേപവും 60 കോടിയുടെ പ്രവർത്തന മൂലധനവും 44 കോടിയുടെ വായ്പയും ബാങ്കിനുണ്ട്. ക്ലമെന്റ് ഇമ്മാനുവൽ മംഗലത്ത് പ്രസിഡന്റായും സോമി ജോസഫ് വട്ടക്കാട്ട് വൈസ് പ്രസിഡന്റായും 2023 സെപ്തംബറിൽ അധികാരത്തിൽ വന്ന ഭരണസമിതിയാണ് നിലവിൽ ബാങ്ക് ഭരിക്കുന്നത്. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ബാങ്കിലെ അംഗങ്ങളിൽ അർഹരായ വീടില്ലാത്ത നിർദ്ധനരായവർക്ക് അഞ്ച് വീടുകൾ വിവിധ സംഘടനകളുടെ സാമ്പത്തിക സഹായത്തോടെ ഭരണസമിതി നിർമ്മിച്ച് നൽകും. ബാങ്കിന്റെ കൺസ്യൂമർ സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തും. നീതി മെഡിക്കൽ സ്റ്റോർ ആധുനിക രീതിയിൽ നവീകരിക്കുകയും നീതി മെഡിക്കൽ ലാബ് പുതുതായി സ്ഥാപിക്കുകയും ചെയ്യും. ബാങ്കിൽ കോർ ബാങ്കിങ് സോഫ്ട്‌വെയർ സജ്ജമാക്കും. വനിതകളുടെയും യുവാക്കളുടെയും വ്യാപാരികളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കും. മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ക്ലമെന്റ് ഇമ്മാനുവൽ മംഗലത്ത്, സെക്രട്ടറി റെജി എൻ. എബ്രഹാം, സോമി ജോസഫ് വട്ടക്കാട്ട്, ടോമിച്ചൻ പി. മുണ്ടുപാലം, റോസിലി ബിനോയി പനന്താനത്ത് എന്നിവർ പങ്കെടുത്തു.