
കട്ടപ്പന :നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേക്കെതിരെയാണ് കാഞ്ചിയാർ പാലക്കടയിൽ പരാതികൾ ഏറുകയാണ് പാലാക്കടയിൽ നിർമ്മിച്ചിരിക്കുന്ന ഐറീഷ് ഓടക്കെതിരെയാണ് വ്യാപകമായ പരാതി ഉയരുന്നത്. എട്ടു കുടുംബങ്ങളോളം താമസിക്കുന്ന മേഖലയിലേക്കുള്ള പാതയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധമാണ് ഇവിടെ ഐറീഷ് ഓട നിർമ്മിച്ചിരിക്കുന്നത്. ഓടയുടെ ഇരുവശങ്ങളിലും ചെരിവ് കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ കാൽ നട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. വയോധികരടക്കം ഇവിടെ വീഴുകയും കൈകൾക്കും കാലുകൾക്കും ക്ഷതങ്ങൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്.
മഴ പെയ്യുന്നതോടെ മേഖലയിലെ വിവിധ വീടുകളുടെ മുറ്റം ചെളിക്കുണ്ടായി മാറുകയാണ്. തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായിട്ടും മേഖലയിൽ പലയിടങ്ങളിലും സംരക്ഷണഭിത്തി നിർമ്മിക്കാൻ അധികൃതർ ശ്രദ്ധ കാണിച്ചില്ലന്നും പ്രദേശവാസികൾ പറയുന്നു.
വിഷയം മലയോര ഹൈവേ നിർമാതാക്കളെ പലതവണ അറിയിച്ചുവെങ്കിലും യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. പരാതികൾ വ്യാപകമാകുമ്പോൾ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതാണ് ഉദ്യോഗസ്ഥരുടെയും പതിവ്. കാൽനട യാത്രക്കാർക്കടക്കം ബുദ്ധിമുട്ട് ഉണ്ടാകുന്നതോടെ പ്രതിഷേധവും ശക്തമാകുകയാണ്.
അലൈൻമെന്റിൽ പാകപ്പിഴ
ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന ഹൈവേയുടെ അലൈൻമെന്റിൽ പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു . വളവുകൾ നിവർക്കാതെ ചെയ്തിരിക്കുന്ന നിർമ്മാണത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നു. കൂടാതെ റോഡിലൂടെ ഒഴുകുന്ന വെള്ളം വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നു എന്നും പരാതിയുണ്ട്. ഐറീഷ് ഓട നിർമ്മിച്ചുവെങ്കിലും മഴവെള്ളം കൃത്യമായി ഒഴുകി കലുങ്കിലേക്ക് ചെല്ലുന്നില്ല.