തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബും വയലറ്റ് ഫ്രെയിംസും സംയുക്തമായി സംഘടിപ്പിച്ച ഇടുക്കി ഫിലിം ഫെസ്റ്റിവലിൽ വിജയികൾക്കുള്ള പുരസ്‌കാര വിതരണം ചലച്ചിത്രതാരം രമ്യ പണിക്കർ നിർവഹിച്ചു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിനോദ് കണ്ണോളിൽ അദ്ധ്യക്ഷത വഹിച്ചു. നാഗാർജുന ടെക്നിക്കൽ ഡയറക്ടർ ഡോ. വി.എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, ജൂറിയംഗം ജിന്റോ ജോൺ, ഫെസ്റ്റിവൽ കൺവീനർ ലിന്റോ തോമസ്, കോ- ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പ്രസംഗിച്ചു. രാഹുൽ ശശിധരൻ സംവിധാനം ചെയ്ത രാജകുമാരിയാണ് മികച്ച ചിത്രം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും രാജകുമാരിയുടെ നിർമ്മാതാവ് സജീവ് കുമാർ ഏറ്റുവാങ്ങി. ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്ത ഹിതം രണ്ടാമത്തെ മികച്ച ചിത്രവും സിരിൻസൺ സംവിധാനം ചെയ്ത അവസാനത്തെ മോഷണം മൂന്നാമത്തെ മികച്ച ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു. റിതിൻ രാജേഷ് സംവിധാനം ചെയ്ത വെള്ളിയാഴ്ചകളിലെ വെള്ളിമുട്ടകൾ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച നടൻ ബോബി നായർ (യാത്ര), മികച്ച നടി വൈഗ കെ. സജീവ് (രാജകുമാരി), ഫെബിൻ മാർട്ടിൻ (ഹിതം) മികച്ച സംവിധായകനും തിരക്കഥാകൃത്തിനും എഡിറ്റർക്കുമുള്ള അവാർഡും ഏറ്റുവാങ്ങി. മികച്ച ക്യാമറാമാനുള്ള അവാർഡ് ഷാരോൻ ശ്രീനിവാസും (രാജകുമാരി) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് അലൻ ജോസഫ് നെപ്പോളിയൻ ഏറ്റുവാങ്ങി. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, വൈസ് പ്രസിഡന്റ് പി.കെ.എ.ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ വി.വി.നന്ദു, ഷിയാസ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. അവാർഡ് വിതരണത്തോടനുബന്ധിച്ച് പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.