ഇടുക്കി: മെഡിക്കൽ കോളേജിൽ നിലവിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും 2025 മാർച്ച് ഒമ്പതിനകം പൂർത്തീകരിക്കണമെന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സർക്കാറിന്റെ നൂറ്ദിന കർമ്മപരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളേജ് അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി നിർദ്ദേശം നൽകിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നത്. ഇടുക്കി മെഡിക്കൽ കോളേജിന് മാത്രമായി കാർഡിയാക് വിഭാഗം ഉൾപ്പെടെ 51 ഡോക്ടർ തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. ലക്ചർ ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും പ്രവൃത്തികൾ തീർക്കാനുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കണം. പുതുതായി അനുവദിക്കപ്പെട്ട അമ്പത് ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തുന്നതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. പാറേമാവ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡി.എം.ഇ ഡോ. തോമസ് മാത്യു, ഡി.എം.ഒ ഡോ. എൽ. മനോജ്, മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി കോളേജിലെ വിവിധ നിർമ്മാണ പദ്ധതികൾക്കായി അനുവദിച്ച 92 കോടി രൂപയിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ്, മോഡുലാർ ലാബ്, ലക്ചർ ഹാൾ, വിവിധ ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 2023ലെ ആദ്യ വർഷ ബാച്ചിൽ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച അർജുൻ കോശി, ടി.പി. ഗ്രീഷ്മ എന്നിവരെ മന്ത്രി ആദരിച്ചു.

പണിതിട്ടും

പണിതിട്ടും തീരാതെ...

സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ആദ്യതവണ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കൽ കോളേജ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് 2022ലാണ്. 100 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയത്. 2023ൽ വീണ്ടും 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി. ആദ്യബാച്ചിന് ക്ലാസ് കയറ്റം നൽകിയെങ്കിലും രണ്ടാംവർഷ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. ഇരുന്നു പഠിക്കാൻ ലക്ചർ ഹാൾ പോലുമില്ലാതെ വലയുകയാണ് ഇപ്പോഴും വിദ്യാർത്ഥികൾ. ആകെയുള്ളത് ഒരു പരീക്ഷാഹാൾ മാത്രമാണ്. അവിടെ 50 പേർക്കുള്ള സൗകര്യം മാത്രമാണുള്ളത്. 100 പേരാണ് ഒരേ സമയം ഇവിടെ പഠിക്കുന്നത്. വച്ചെഴുതാൻ മേശകൾ പോലുമില്ല. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രത്യേകം ഹാൾ ഇല്ലാത്തതിനാൽ ഇതേഹാൾ തന്നെയാണ് അവർക്കും നൽകുന്നത്. ഒരേ സമയം വിവിധ വിഭാഗങ്ങൾക്ക് ക്ലാസെടുക്കേണ്ട സാഹചര്യം വന്നാൽ സൗകര്യമില്ല. ചിലപ്പോഴൊക്കെ കോളേജിന്റെ മുറ്റത്ത് ക്ലാസെടുക്കേണ്ട അവസ്ഥയും ഉണ്ടായെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്നത്. പാറേമാവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സിലാണ് ആൺകുട്ടികൾ താമസിക്കുന്നത്. ഒരു മുറിയിൽ ആറു പേർ വരെയാണ് അവിടെ കഴിയുന്നത്.

സാദ്ധ്യമായതെല്ലാം

ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ്

അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പ്രതിഭാധനരായ അദ്ധ്യാപകരുടെ സാന്നിദ്ധ്യമാണ് ഇടുക്കി മെഡിക്കൽ കോളേജിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് മികച്ച വിജയശതമാനം നേടിയ മെഡിക്കൽ കോളേജുകളിൽ രണ്ടാം സ്ഥാനം നേടാൻ ഇടുക്കിയ്ക്ക് കഴിഞ്ഞു. കുട്ടികളുന്നയിച്ച ചില വിഷയങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയ്ക്കും പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.