 
പീരുമേട്: ഓടിക്കൊണ്ടിരുന്ന ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി ബൈക്കിൽ ഇടിച്ചു മറിഞ്ഞ് ഏലപ്പാറയിൽ യുവാവിന് പരിക്ക്. മറ്റൊരു അപകടത്തിൽ ചെമ്മണ്ണ് സ്വദേശി യുവാവിന്റെ ബൈക്കിന് കുറുകെ കേഴമാൻ ചാടി യുവാവിന്റെ കാലൊടിഞ്ഞു. കോഴിക്കാനം ഒന്നാം ഡിവിഷനിൽ
ഹെലിബറിയ പാറ വിളയിൽ സുജിനാണ് കാട്ട്പന്നി കുറുകെ ചാടി പരിക്കേറ്റത് . ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചേ അഞ്ചു മണിയോടെ എറണാകുളത്ത് ജോലി സ്ഥലത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ കോഴിക്കാനം ഒന്നാം ഡിവിഷനിൽ വച്ച് സുജിന്റെബൈക്കിന് കുറുകെ കാട്ടുപന്നി ചാടിയാണ് അപകടം. കാട്ടുപന്നി വാഹനത്തിൽ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞു. ഈ അപകടത്തിൽ സുജിത്തിന് കാലിന് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരപകടത്തിൽ ചെമ്മണ്ണിൽ ബൈക്ക് യാത്ര ചെയ്യുകയായിരുന്ന മനുവിന്റെ ബൈക്കിന് കുറുകെ, കേഴമാൻ ചാടി ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായി. ചെമ്മണ്ണ് സ്വദേശിയായ മനുവിന്റെ കാലിന് ഒടിവ് സംഭവിച്ചു. മനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിലെ തോട്ടമേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.
രാ പകൽ ഇല്ലാതെ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. ഏതാനും മാസങ്ങളായി കാട്ടുപോത്ത്, പുലി, മ്ലാവ്, തുടങ്ങിയ മൃഗങ്ങൾ ഇവിടെ ജനങ്ങൾക്ക് ഭീഷണിയായി ജനവാസ മേഖലയിൽ ഇറങ്ങി പ്രതിസന്ധി സ്ഷ്ടിക്കുകയാണ്. തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഉൾപ്പടെജീവനിൽ ഭയന്നാണ് ജോലിക്ക് എത്തുന്നത്.