elephant
മറയൂരിൽ കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റിയപ്പോൾ

മറയൂർ : കാന്തല്ലൂരിൽ ഒറ്റയാന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ആറരയ്ക്ക് സ്വന്തം പുരയിടത്തിൽ പുളി പറിക്കാൻ പോയ പാമ്പൻപാറ തെക്കേൽവീട്ടിൽ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന തോമസിനാണ് (73) പരിക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യ സിസിലി നിലവിളിച്ചതോടെ സമീപവാസികൾ ഓടിയെത്തി തോമസിനെ ചുമന്ന് റോഡിലെത്തിച്ച ശേഷം വാഹനത്തിൽ കാന്തല്ലൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആലുവ രാജഗി​രി​ ആശുപത്രി​യി​ലേക്ക് മാറ്റി​.

തോമസിന്റെ വയറി​നാണ് ചവി​ട്ടേറ്റത്. വയറ് തുളഞ്ഞ് കുടലടക്കം പുറത്തുവന്ന നിലയിലായിരുന്നു. രാജഗിരി ആശുപത്രിയിലെ ഉദരരോഗ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ ചേർന്ന് ആന്തരി​ക ഭാഗങ്ങൾ നേരെയാക്കി. മുറിവ് തുന്നികെട്ടി. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ പിന്തുണയോടെയാണ് കാലിലെ മസിലുകൾക്കേറ്റ ക്ഷതം നേരെയാക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് തോമസിന്റെ ഭാര്യ സിസിലിയുടെ കൈക്കും പരി​ക്കുണ്ട്. മുപ്പതോളം വീടുകളുള്ള പാമ്പൻപാറ മേഖലയിൽ കാട്ടാന ആക്രമണം പതിവാണെന്ന് തോമസിന്റെ കുടുംബം പറഞ്ഞു.

നിരന്തരമുള്ള കാട്ടാന ആക്രമണത്തിന് വനംവകുപ്പ് ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി സ്റ്റേഷനുമുമ്പിൽ കുത്തിയിരുപ്പ് സമരം തുടങ്ങി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളും ഒരുമിച്ചുള്ള സമരമാണ് നടക്കുന്നത്. മൂന്നുമാസമായി കൃഷിത്തോട്ടത്തിലും ജനവാസ മേഖലയിലും അമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ. ഒരു മാസത്തിനിടെ ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ജീപ്പ് ഉൾപ്പെടെ വാഹനങ്ങളെ ആനകൾ തകർത്ത സംഭവം ഉണ്ടായി.

ചക്കക്കൊമ്പൻ

കാർ തകർത്തു

ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിൽ ചക്കക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന കാർ തകർത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ചൂണ്ടൽ സ്വദേശി ഡെന്നിസിന്റെ കാറിന് നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. വീടിന് മുമ്പിലെ റോഡിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ചില്ല് ആന തകർത്തു. ആർ.ആർ.ടി സംഘവും പ്രദേശവാസികളും ചേർന്നാണ് ജനവാസമേഖലയിൽ നിന്ന് ആനയെ തുരത്തിയത്.