പീരുമേട്: മൂന്നാംവട്ടം വിളവെടുക്കേണ്ട കാലമാണ് പക്ഷെ ആദ്യവട്ടംപോലും ഏലക്കായ് എടുത്ത് തീർന്നില്ല, വിലയിലെ കയറ്റം ഇതോടെ കർഷകർക്ക് ഉപകാരപ്പെടുന്നില്ല. ഏലക്കായ്ക്ക് മെച്ചപ്പെട്ട വില വിപണിയിൽ കിട്ടുമ്പോൾ ഏലക്കായ് ഉൽപ്പാദനം കുത്തനെ കുറഞ്ഞത് കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഈ വർഷം കാലം തെറ്റി പെയ്യ്ത മഴയും പ്രതികൂല കാലാവസ്ഥയും ഏലം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. മുമ്പ് ഏപ്രിൽ, മേയ്,മാസങ്ങളിൽ വേനൽ മഴ സുലഭമായി ലഭിക്കുമ്പോൾ ജൂൺ, ജൂലായ് മാസങ്ങളിൽ ആദ്യവട്ടം മൂപ്പെത്തിയ ഏലക്ക എടുക്കുമായിരുന്നു. എന്നാൽഇത് സെപ്തംബർ മാസത്തിലാണ് എടുക്കാനാകുന്നത്. . മൂന്നാംതവണ എടുക്കേണ്ട സ്ഥാനത്ത് കർഷകർ ആദ്യവട്ടം എടുക്കുന്നു എന്നത് തന്നെ കൃഷിച്ചെലവ് ക്രമാതീതമായി കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സ്ഥിതിയായി. ഉത്പാദനം കുറഞ്ഞതിനാൽ ഏലംവില കുതിച്ചുയരുകയും ചെയ്തു. ഇപ്പോഴും മൂപ്പ് എത്താത്തത് മുലം പലപ്രദേശങ്ങളിലും ഒക്ടോബർ മാസം മാത്രമെ ആദ്യ വിള എടുക്കാൻ കഴിയൂ എന്ന് കർഷകർ പറയുന്നു. മഴ വൈകിയതോടെ ഏല ചെടികൾ രൂക്ഷമായ വേനലിൽ തട്ടകൾ ഒടിഞ്ഞ് ഏലം നശിക്കുന്ന സ്ഥിതിയുണ്ടായി.കൂടാതെ ഏലച്ചെടികൾക്ക് പെട്ടെന്ന് പിടിപെടുന്ന അഴുകൽ രോഗംഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടതോടെ ഏലച്ചെടിയിൽ ഏലക്കാ ഉൽപ്പാദനം ഗണ്യമായി കുറയുക ഉണ്ടായി.വളരെ പെട്ടെന്ന് ഏല ചെടികളുടെ ശരത്തിൽ അഴുകൽ രോഗം ബാധിക്കുന്നതുമുലം ഏലക്കായകളിൽ വളരെ വേഗത്തിൽ അഴുകൽ രോഗം പെട്ടെന്ന് പടരുന്നത് മൂലം ഏലക്കാ ഉദ്പാദനം ഗണ്യമായി കുറഞ്ഞിരിക്കയാണ്. ചെടിയുടെ തണ്ടുകൾ അഴുകി ആരോഗ്യം നഷ്ടപ്പെട്ട് പൂർണ്ണമായും നശിക്കുന്നതിനാൽ രോഗം ബാധിച്ച ചെടികൾ വെട്ടിക്കളയുക മാത്രമാണ് പോംവഴി. ഇതോടെ ലക്ഷങ്ങൾ മുടക്കി വർഷങ്ങളോളം പരിപാലിച്ച ചെടികൾ കർഷകന് നഷ്ടമാകും. വിളവെടുപ്പിലും നഷ്ടം നേരിടേണ്ടി വരുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു.
നഷ്ടക്കണക്കിന് ആക്കംകൂട്ടി
അഴുകൽരോഗം
ഫൈന്റോതുറ ഗണത്തിൽ പെട്ട കുമിളാണ് അഴുകൽ രോഗത്തിന് കാരണമാകുന്നത്. വേരിലൂടെ ചെടികളെ ബാധിക്കുന്ന കുമിൾ തട്ടയുടെയും ശരത്തിന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ രോഗം കീടനാശിനി പ്രയോഗം കൊണ്ട് ഇല്ലാതാക്കാൻ പൂർണ്ണമായി കഴിയുന്നില്ല. ചെറുകിട കർഷകനെ സംബന്ധിച്ചിടത് പണിക്കൂലിയും, വളം,മരുന്ന് പ്രയോഗവും, ഇവയെല്ലാം കൂടുമ്പോൾ വൻ നഷ്ടമാണുണ്ടാകുന്നത്.
വിലമെച്ചം,പക്ഷെ...
ഒരു കിലോഏലക്കായ്ക്ക് കൂടിയ വില 2950 രൂപയും, കുറഞ്ഞവില 2300 ഉം ഇപ്പോൾ ഏലകർഷകന് ലഭിക്കുന്നുണ്ട്. പക്ഷെ അതിന്റെ പ്രയോജനം പൂർണ്ണമായും കർഷകർക്ക് ഉപകാരപ്പെടുന്നില്ലെന്ന് മാത്രം.