maalinyam

കട്ടപ്പന : നഗരത്തിന്റെ വിവിധ ഇടങ്ങളിൽ മാലിന്യ നിക്ഷേപം തകൃതിയാണ്.കട്ടപ്പന സ്‌കൂൾ കവല ആശ്രമം പടി ഐ.ടി.ഐ ജംഗ്ഷൻ റോഡിന് വശത്തായി മാലിന്യ നിക്ഷേപം രൂക്ഷമാണ്.കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യം ചാക്ക് കെട്ടുകളിലായിട്ടാണ് ഇവിടെ തള്ളുന്നത്. രാത്രിയുടെ മറവിൽ മാലിന്യ നിക്ഷേപം തകൃതിയായതോടെ എവിടെയും മാലിന്യം കുന്നുകൂടുന്ന അവസ്ഥയുണ്ടായി. ഇതോടെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് വന്നു. മാലിന്യ നിക്ഷേപ പ്രവണത തുടരുന്നതോടെ പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും.
കുട്ടികളുടെ നാപ്കിൻസ് അടക്കം കുന്നുകൂടി കിടക്കുന്നതിനാൽ വലിയ ദുർഗന്ധമാണ് വമിക്കുന്നത്. മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് സമീപത്തു കൂടിയാണ് കട്ടപ്പനയാർ ഒഴുകുന്നത്. മാലിന്യ ചാക്കുകൾ പലപ്പോഴും ചെന്ന് വീഴുന്നത് കട്ടപ്പനയാറ്റിലേക്കുമാണ് . കൂടാതെ മഴ പെയ്യുന്നതോടെ കൃഷിയിടത്തിൽ കിടക്കുന്ന മാലിന്യം കട്ടപ്പനയാറിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ നിരവധി കുടിവെള്ള സ്രോതസ്സുകൾ ഉള്ളതും, നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ കട്ടപ്പനയാറും മലിനമാകുകയാണ്.

ആളൊഴിഞ്ഞ മേഖലയിലേ പൊന്തക്കാടുകൾ കേന്ദ്രീകരിച്ചാണ് എസ്. എൻ ജംഗ്ഷനിൽ രാത്രിയുടെ മറവ് പറ്റി ചാക്ക്‌കെട്ടുകളിലായി മാലിന്യം തള്ളുന്നത്. വീടുകളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും മാലിന്യത്തിന് പുറമേ ഡെക്കറേഷൻ സ്ഥാപനങ്ങളുടെ മാലിന്യമടക്കമാണ് റോഡരികിലുള്ളത് . ഇതോടെ ദുർഗന്ധം വമിക്കുകയും കാൽനട യാത്രക്കാർക്കടക്കം ഇതുവഴികടന്നപോകാൻ സാധിക്കാത്ത വിധവുമാകുന്നു.കൂടാതെ സദാസമയവും തെരുവുനായ്ക്കളും ഇവിടെ തമ്പടിക്കുന്നു.

പേര് സഹിതം

കിട്ടിയിട്ടുണ്ട്

മാലിന്യ പ്രതിസന്ധി രൂക്ഷമായതോടെ കട്ടപ്പന എസ് എൻ ജംഗ്ഷനിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി . മാലിന്യങ്ങളിൽ നിന്നും വിവിധ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും പേരുവിവരങ്ങൾ ലഭിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് അനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാലിന്യം തള്ളിയ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടന്നും പിഴയടക്കം ചുമത്തി നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വലിച്ചെറിയാൻ

ഒരിടംതേടി

എവിടെയും കുന്നു കൂടുകയാണ് മാലിന്യം. ഒപ്പം അവ വഴിയരികിൽ വലിച്ചെറിയാൻ ചിലർക്ക് ഒട്ടും മടിയില്ല.

വീട്ടിലെ പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ് വഴിയരികിലെ പൊന്തക്കാടുകൾ. മാലിന്യം സംസ്‌കരിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ടെങ്കിലും അവയൊന്നും സ്വീകരിക്കാതെയാണ് ആളുകൾ വഴിയരികിലേക്ക് മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഭൂമി മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു . എത്രയൊക്കെ അവബോധങ്ങൾ ഉണ്ടാക്കിയിട്ടും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിട്ടിട്ടും ഇത്തരം പ്രവർത്തികൾക്ക് യാതൊരുവിധ അയവും വന്നിട്ടില്ല.