road

കട്ടപ്പന : ടാറിങ്ങിന് പിന്നാലെ മലയോര ഹൈവേയിൽ വിള്ളൽ രൂപപ്പെട്ടു. കാഞ്ചിയാർ ലബ്ബക്കടയിലാണ് കഴിഞ്ഞദിവസം ചെയ്ത ടാറിങ്ങിന് തൊട്ടുപിന്നാലെ പാതയിൽ വലിയ വിള്ളലുകൾ ഉണ്ടായത്. നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.

മലയോര ഹൈവേ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന് നാളുകളായി ഉയരുന്ന ആക്ഷേപമാണ്. ഹൈവേ നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷത്തിന് മുകളിലായി. എന്നാൽ തുടക്കത്തിൽ ഉണ്ടായിരുന്നത്ര വേഗത നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നീട് ഉണ്ടായില്ല . ഏതാനും ആഴ്ചകൾക്ക് മുൻപാണ് കാഞ്ചിയാർ ലബ്ബക്കട ഭാഗങ്ങളിൽ ബി. എം.ബി സി നിലവാരത്തിൽ ടാറിങ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ലബ്ബക്കടക്കും സ്വരാജിനും ഇടയിലെ വളവിലാണ് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇത് റോഡിന്റെ ഗുണമേന്മയെയും നിർമ്മാണ പ്രവർത്തനത്തിലെ അപാകതകളെയും ചൂണ്ടിക്കാണിക്കുന്നു.

മഴയത്തും ടാറിംഗ്

മഴ പെയ്തുകൊണ്ടിരുന്ന സമയത്താണ് ഇവിടെ ടാർ ചെയ്തിരുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ടാറിങ് ചെയ്ത് ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പാതയിൽ വിള്ളലുകൾ രൂപപ്പെട്ടത് വലിയ വിമർശനങ്ങൾക്കും വഴിവെക്കുകയാണ്. ടാറിങ് പൂർത്തിയായ റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ റോഡിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന വിള്ളലുകൾ കാരണവുമാകുന്നു .അറ്റകുറ്റ പണികൾ ചെയ്ത് വിള്ളലുകൾ മറക്കാതെ, വിള്ളൽ ഉണ്ടാക്കാൻ കാരണമെന്താണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും നിർമ്മാണ പ്രവർത്തനത്തിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും ആവശ്യം.