കരിമണ്ണൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി തൂണിൽ തട്ടി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി കോട്ടക്കവല പൂമറ്റത്തിൽ നവനീതിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമണ്ണൂർ തൊമ്മൻകുത്ത് റൂട്ടിൽ ഇന്നലെ രാവിലെ 8.40നാണ് അപകടം നടന്നത്. സ്‌കൂളിലേക്ക് പോകുന്നതിനായി നവനീതും മറ്റുള്ളവരും ബസിൽ കയറിയെങ്കിലും ചവിട്ട് പടിയിൽ നിന്നും ഉള്ളിലേക്ക് കയറാനായിരുന്നില്ല. തിരക്ക് കാരണം ഡോർ അടയ്ക്കാതെയാണ് ബസ് മുന്നോട്ട് പോയത്. ഈ സമയം എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം. വാതിൽ പടിയിൽ നിന്ന നവനീതിന്റെ തല റോഡരികിലെ വൈദ്യുതി തൂണിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ നവനീതിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് മൻസൂര്യ എന്ന പേരിലുള്ള ബസ് കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കരിമണ്ണൂർ എസ്.എച്ച്.ഓ വി.സി വിഷ്ണുകുമാർ പറഞ്ഞു.
മുമ്പും പരാതി
യാത്രാ തിരക്കേറിയ തൊടുപുഴ കരിമണ്ണൂർ തൊമ്മൻകുത്ത് റൂട്ടിൽ സർവ്വീസ് നടത്തുന്ന മൻസൂര്യ ബസിലെ ജീവനക്കാർക്കെതിരെ ഇതിന് മുമ്പും പരാതി ഉയർന്നിരുന്നു. അമിത വേഗതയും യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റവുമാണ് പരാതിക്കിടയാക്കിയത്. ഗ്രാമീണ മേഖലകളിൽ കൂടി കടന്ന് പോകുന്ന ഈ റൂട്ടിൽ രാവിലെയും വൈകിട്ടും മിക്ക ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയം പരമാവധി കളക്ഷൻ ഒപ്പിക്കുന്നതിനായി നിറയെ യാത്രക്കാരെ കുത്തി നിറച്ചാണ് ബസ് പായുന്നത്. അടുത്ത സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിനായാണ് ഈ മരണപ്പാച്ചിൽ. ഏതാനും നാൾ മുമ്പ് ഇത്തരത്തിൽ ബസിൽ കയറാനെത്തിയ ആൾ ഏതാനും നിമിഷം കൂടുതലെടുത്തു എന്ന് പറഞ്ഞ് മൻസൂര്യ ബസിലെ ജീവനക്കാർ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കാലിന് പരിക്കേറ്റിരുന്നതിനാലാണ് വേഗത്തിൽ കയാറാത്തതെന്ന് യാത്രക്കാരൻ പറഞ്ഞപ്പോൾ ബസിൽ നിന്നും ഇറക്കി വിടാനും ശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരൻ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ബസ് ജീവനക്കാരെ വിളിച്ച് വരുത്തി ഇനി ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് വ്യക്തമായ താക്കീത് നൽകിയാണ് പരാതി പരിഹരിച്ചത്. വിദ്യാർത്ഥിയുടെ തല വൈദ്യുതി തൂണിലിടിച്ച ട്രിപ്പിലും നിറയെ യാത്രക്കാരുണ്ടായിട്ടും ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായാണ് കരിമണ്ണൂർ പൊലീസ് പറഞ്ഞത്. ഈ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കർശനമായ നടപടി വേണമെന്നാണ് ആവശ്യം.