അടിമാലി : അടിമാലി താലൂക്ക് ആശുപത്രിക്ക് പ്രഖ്യാപനങ്ങളല്ല സർക്കാരിന്റെ കനിവാണ് ആവശ്യമെന്ന് സിഎംപി നേതാക്കൾ പറഞ്ഞു. ആരോഗ്യ മന്ത്രി ഉദ്ഘാടനം നിർവഹിച്ച ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാകണമെങ്കിൽ ബ്ലഡ് ബാങ്ക് അത്യാവശ്യമാണ്. നവംബർ അവസാനത്തിനു മുൻപായി ഇത് പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നോട്ടു പോയാൽ ഡിസംബർ ഒന്നിന് താലൂക്ക് ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണയും ക്രിസ്മസ് ദിവസം കവാടത്തിൽ പട്ടിണി സമരവും നടത്തും.ആരോഗ്യമന്ത്രി പലതവണ അടിമാലി താലൂക്ക് ആശുപത്രി സന്ദർശിച്ച് വാഗ്ദാന പെരുമഴ സമ്മാനിച്ചു. ഇവർ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളിൽ മുഖ്യമായവ ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേഗത പകരുന്ന 5 നില കെട്ടിടത്തിന് 7 കോടി അനുവദിച്ച് നിർമാണം ആരംഭിച്ചത്.ഇവിടെയാണ് 2018 ൽ സർക്കാർ അനുവദിച്ച ഡയാലിസിസ് യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തത്.ഫയർ ആൻഡ് സേഫ്ടി അനുമതി ഇല്ലാതെയാണ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നിട്ടുള്ളത്. ഒന്നര വർഷം മുൻപ് താലൂക്ക് ആശുപത്രി സന്ദർശനവേളയിൽ കെട്ടിട നിർമാണം പൂർത്തിയായാൽ ഉടൻ കാത്ത് ലാബ് പ്രവർത്തന സജ്ജമാക്കുമെന്ന് വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. നിർമാണം പൂർത്തിയായി ഒരു വർഷം പിന്നിട്ട വേളയിൽ ആശുപത്രിയിൽ എത്തിയ മന്ത്രി മുൻപ് നടത്തിയ പ്രഖ്യാപനത്തിൽ നിന്ന് പിറകോട്ടു പോയിരിക്കുകയാണെന്ന് സി.എം.പി ജില്ല സെക്രട്ടറി കെ.എ. കുര്യൻ, ഏരിയ സെക്രട്ടറി മാരായ ബേക്കർ ജോസഫ്, അനീഷ് ചേനക്കര, കെ.എസ്. വൈ.എഫ് ജില്ല സെക്രട്ടറി ടി.എ അനുരാജ്, കെ.ജി പ്രസന്ന കുമാർ എന്നിവർ പറഞ്ഞു.