ഇടുക്കി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരി പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ അർഹരായവർക്കുള്ള പട്ടയം ഇന്ന് രാവിലെ 10 ന് ചെറുതോണി ടൗൺഹാളിൽ വിതരണം ചെയ്യും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ പട്ടയ വിതരണം ഉച്ചയ്ക്ക് 2.30 ന് ഉടുമ്പൻചോല മിനിസിവിൽ സ്റ്റേഷനിലും നടക്കും. റവന്യു മന്ത്രി കെ .രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എം .എൽ എ മാരായ എം. എം മണി , പി .ജെ ജോസഫ് , വാഴൂർ സോമൻ, അഡ്വ.എ .രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടർ വി .വിഘ്‌നേശ്വരി, സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി എൻ ജയകൃഷ്ണൻ, എ. ഡി. എം ഷൈജു പി ജേക്കബ്, മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അഞ്ചാമത് പട്ടയമേളയാണിത്.
ഇതുവരെ വിതരണം ചെയ്തത്
7458 പട്ടയങ്ങൾ
സംസ്ഥാന സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇടുക്കി ജില്ലയിൽ 7458 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളിൽ നിന്നും നാലാം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 2941 കുടുംബങ്ങൾക്കാണ് പട്ടയം നല്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത് . ഇതിൽ 506 പട്ടയങ്ങളാണ് ഇടുക്കി , ഉടുമ്പൻചോല പട്ടയമേളകളിലായി വിതരണം ചെയ്യുക. 302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം ചെയ്യും. ശേഷിക്കുന്ന 2435 പട്ടയങ്ങൾ വരുംമാസങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.