shyla

തൊടുപുഴ: താലൂക്ക്- ജില്ലാ ആശുപത്രികളിൽ ഭൗതിക സാഹചര്യങ്ങൾക്കൊപ്പം നഴ്സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനവും നടത്തണമെന്ന് കെ.ജി.എൻ.എ 67-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, ഇടുക്കി മെഡിക്കൽ കോളേജിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തി ജീവനക്കാരെ നിയമിക്കുക, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടന്ന സമ്മേളനം ജില്ലാ ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഷൈല അദ്ധ്യക്ഷയായി. സി.കെ. സീമ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആർ. രജനി, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി ജോമിൻ ടോമി, സഫ്ന സേവ്യർ എന്നിവർ സംസാരിച്ചു. വിരമിച്ച പീരുമേട് താലൂക്ക് ആശുപത്രി സീനിയർ നഴ്സിംഗ് ഓഫീസർ ബി. ശാന്തിക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന കലാ, കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ ജിൻസി എം. ജോബിനും മനു ചന്ദ്രനും ഉപഹാരങ്ങൾ സമ്മാനിച്ചു. മികച്ച ഏരിയക്കുള്ള ഉപഹാരം അടിമാലിക്ക് കൈമാറി. ഉച്ചയ്ക്ക് രണ്ടിന് നടന്ന പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാമുതായി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റംഗം ജാൻസി തോമസ്, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ഷീമോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്മിത കുമാർ എന്നിവർ സംസാരിച്ചു.

കെ.എച്ച്. ഷൈല പ്രസിഡന്റ്,

സി.കെ. സീമ സെക്രട്ടറി
തൊടുപുഴ കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റായി കെ.എച്ച്. ഷൈലയെയും സെക്രട്ടറിയായി സി.കെ. സീമയെയും തൊടുപുഴയിൽ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ബിനുമോൾ ഗോപിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: സ്മിത കുമാർ, എസ്. രാമുതായ് (വൈസ് പ്രസിഡന്റുമാർ), സഫ്ന സേവ്യർ, ടി.കെ. സന്ധ്യ (ജോയിന്റ് സെക്രട്ടറിമാർ).