മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്ക്

മൂന്നാർ: നല്ലതണ്ണി കല്ലാറിലെ മൂന്നാർ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയടക്കം രണ്ട് ജീവനക്കാർക്ക് പരിക്ക്. മൂന്നാർ രാജീവ് ഗാന്ധി നഗറിൽ പരമന്റെ ഭാര്യ അളകമ്മ (67), ഗൂഡാർവിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിൽ എസ്. ശേഖർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അളകമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ജോലിക്കെത്തിയ തൊഴിലാളികൾ ഇറങ്ങി പ്ലാന്റിലേക്ക് നടക്കുമ്പോൾ കാട്ടാനയുടെ മുമ്പിൽപെടുകയായിരുന്നു. ഗേറ്റിന് സമീപത്ത് നിന്നിരുന്ന രണ്ടാനകളിൽ ഒറ്റക്കൊമ്പൻ അളകമ്മയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി കുത്തുകയായിരുന്നു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ കാല് ഒടിയുകയും തുടയിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. അളകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുമ്പിൽ നിന്ന് അളകമ്മയെ വലിച്ചുമാറ്റി ഓടിയത് ശേഖറാണ്. ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അളകമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മറയൂരിലും കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റിരുന്നു.കാട്ടാനയുടെ

തുമ്പിക്കൈയ്ക്ക് അടിയേറ്റ്

ഒരാൾക്ക് പരിക്ക്
മറയൂർ: കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരാൾക്ക് പരിക്ക്. പെരുമല പള്ളത്ത് വീട്ടിൽ വി.ജി. സെബാസ്റ്റ്യനാണ് (56) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് പെരുമല കാന്തല്ലൂർ ഇടറോഡിലായിരുന്നു സംഭവം. സെബാസ്റ്റ്യന് നേരേ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആനയുടെ അടിയേറ്റ് വീണ്ടും വീണെങ്കിലും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. നടുവിന് പരിക്കേറ്റു. സെബാസ്റ്റ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടുമലൈപ്പേട്ടയിലേക്ക് കൊണ്ടുപോയി.