a

ഇടുക്കി ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ പെരുകുമ്പോഴും തുടർനടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതാണ് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വെളിവാകുന്നത്. കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ യാതൊരു കരുണയുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് സംരക്ഷകരാകേണ്ട വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമുണ്ടായിരുന്ന വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. ആനയും പുലിയും കടുവയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെയാണ് നാട്ടിലേക്കിറങ്ങുന്നത്. ഇതോടെ ജനജീവിതം ഏറെ ദുസഹമായി. നാല് ദിവസത്തിനിടെ മൂന്നാറിലും മറയൂരിലുമായി കാട്ടാന ആക്രമണത്തിൽ മാത്രം പത്തോളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതോടൊപ്പം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെ ജനവാസ മേഖലകളിൽ വീണ്ടും കടുവകൾ ഇറങ്ങി പശുക്കളെ കൊന്നൊടുക്കിയത്. കുറ്റിയാർ വാലിയിലാണ് രണ്ട് കടുവകൾ ഒരേസമയം പശുക്കളെ ആക്രമിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണം തടയണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതും കാര്യമായ നടപടി ഉണ്ടായിട്ടില്ല. കർഷകരുടെ ഉപജീവന മാർഗമായ പശുക്കൾ നിരന്തരം കൊല്ലപ്പെടുന്നത് പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മേഖലയിൽ രണ്ട് കടുവകളുള്ളതായി തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ കടലാർ ഫാക്ടറി, ഈസ്റ്റ് ഡിവിഷനുകളിലായി പതിനഞ്ചോളം പശുക്കളെയാണ് കടുവ കൊന്നത്. തുടർച്ചയായി മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി കാട്ടാനകളായ പടയപ്പയും ഒറ്റക്കൊമ്പനും ഭീതി പരത്തുന്നതിനിടെയാണ് കടുവയും ഭീതിവിതയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഏലപ്പാറ ഒന്നാം മൈലിൽ ജനവാസ മേഖലയിൽ മേയാൻ വിട്ട പശുക്കിടാവിനെ പുലി കൊന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ കൊന്നതും പുലിയാകാമെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. ചൊവ്വാഴ്ച വണ്ടിപ്പെരിയാർ 62ാം മൈലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

വെറുതെ

പാഴാക്കുന്ന കോടികൾ

വന്യമൃഗങ്ങൾ നാട്ടിലേക്കിറക്കി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുമ്പോൾ മറുവശത്ത് മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദേവികുളത്ത് നിർമ്മാണം പൂർത്തിയാക്കിയ റാപ്പിഡ് റെസ്‌പോൺസ് ടീം ആന്റ് വെറ്റിനറി ഫെസിലിറ്റിയുടെ ഉദ്ഘാടനം മൂന്നാറിലെത്തി വനംമന്ത്രി നിർവഹിച്ചത്. മൂന്നാർ മേഖലയിലെ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മൂന്നാർ ആർ.ആർ.ടിയ്ക്ക് വേണ്ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം മൂന്നാർ ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി നടപ്പാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കാൻ 446 ലക്ഷം രൂപ ചെലവഴിച്ച് നബാഡിന്റെ സഹായത്തോടെ ഫെൻസിംഗുകളടക്കമുള്ള പദ്ധതികൾക്കായി ടെൻഡർ നൽകുകയും അതിന്റെ പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഒരു പരിധിവരെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2011- 2022 വരെയുള്ള 11 വർഷത്തിനിടെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ വന്യ‌ജീവിപ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽ ചെലവഴിച്ചത് വെറും 70 ലക്ഷം മാത്രമാണ്. ഇക്കാലയളവിൽ 42 പേരാണ് കാട്ടാന ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ കാെല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ മരണങ്ങളൊന്നും സംഭവിക്കാത്ത മാങ്കുളം ഡിവിഷനിൽ ചെലവഴിച്ച തുയാകട്ടെ 1.44 കോടി രൂപയും. 2019- 2022 കാലയളവിൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റീസ്റ്റോറേഷൻ) പദ്ധതിക്കായി മൂന്നാർ ഡിവിഷനിൽ രണ്ടു കോടിയിലധികം ചെലവഴിച്ചു. യു.എൻ.ഡി.പി പദ്ധതിയിലൂടെ ജലസ്രോതസുകളുടെ നവീകരണം, വനമേഖലയിൽ പുല്ലുവച്ചു പിടിപ്പിക്കൽ, ആകർഷകമായ മരങ്ങൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കിയെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. വന്യജീവികൾക്ക് കാട്ടിൽ ആഹാരമൊരുക്കാനാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് വനംവകുപ്പ് പറയുന്നതെങ്കിലും ജനവാസമേഖലയിലേക്കുള്ള ഇവയുടെ കടന്നുകയറ്റം കൂടുകയാണുണ്ടായത്.

കരയുന്ന കുഞ്ഞിന് മാത്രം നഷ്ടപരിഹാരം

15 വർഷത്തിനിടെ 80ലധികം പേരാണ് വന്യജീവി ആക്രമണത്തിൽ ജില്ലയിൽ കൊല്ലപ്പെട്ടത്. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ടെങ്കിലും വിരളിലെണ്ണാവുന്നവർക്ക് മാത്രമാണ് പൂർണമായി ലഭിച്ചത്. കുടുംബാംഗങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്ഥിര ജോലിയും ലഭിക്കുന്നില്ല. അടിയന്തരസഹായമായി നൽകിയ അമ്പതിനായിരം രൂപ മാത്രമാണ് ചില കുടുംബങ്ങൾക്ക് ആകെ കിട്ടിയത്. രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട അഞ്ചുപേരിൽ പൂർണ നഷ്ടപരിഹാരം ലഭിച്ചത് രണ്ടുപേരുടെ കുടുംബത്തിനു മാത്രമാണ്. ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചതിനെത്തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് സുരേഷ് കുമാറിന്റെയും ഇന്ദിരയുടെയും കുടുംബങ്ങൾക്ക് മണിക്കൂറുകൾക്കകം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്. ഈ വർഷം കാട്ടാന ആക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശി പരിമളം, കോയമ്പത്തൂർ സ്വദേശി പോൾ രാജ്, ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർ രാജൻ എന്നിവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപയാണ് നൽകിയിട്ടുള്ളത്.

2010ന് ശേഷം 44 പേരാണ് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒന്നരകോടിയാണ് ഇവർക്ക് നഷ്ടപരിഹാരമായി അനുവദിച്ചത്. അതായത് ഒരു കുടുംബത്തിന് ശരാശരി മൂന്നര ലക്ഷം രൂപ പോലും കിട്ടിയിട്ടില്ല. 2023 ജനുവരി 25നാണ് വനംവകുപ്പ് താത്കാലിക വാച്ചർ ശക്തവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തവേലിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു വനംമന്ത്രി ഉറപ്പ്. മകൾക്ക് സർക്കാർ ജോലിയും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം പൂർണമായി ലഭിച്ചിട്ടില്ല. മരണത്തിന് പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഒരു മാസം മുമ്പ് മരുമകനെ വനംവകുപ്പിൽ താത്കാലിക വാച്ചറായി നിയമിച്ചത് മാത്രമാണ് ഏക ആശ്വാസം.

വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തരമായി 50,000 രൂപയാണ് സർക്കാർ നൽകുന്നത്. വില്ലേജ് ഓഫീസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷവും താലൂക്ക് ഓഫീസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള അഞ്ചു ലക്ഷം രൂപയും അനുവദിക്കും. എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ആറു മാസമെങ്കിലും സമയമെടുക്കും. ഇങ്ങനെ ചുവപ്പ് നാടയിൽ കുരുങ്ങി വന്യമൃഗങ്ങളാൽ ദാരുണമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ദുരിതത്തിലാകുമ്പോൾ പോലും നടപടികൾ ലഘൂകരിച്ച് ആശ്വാസമാകാൻ സർക്കാരിനാകുന്നില്ല.