നെടുങ്കണ്ടം: ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹം, പ്രതിഷ്ഠ കഴിഞ്ഞ് മൂന്നാം വർഷവും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. കുമളി- മൂന്നാർ സംസ്ഥാനപാതയോട് ചേർന്ന് നെടുങ്കണ്ടം കല്ലാറ്റിൽ എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാനമന്ദിരത്തിന് സമീപമാണ് ഏഴടി ഉയരവും 1600 കിലോ തൂക്കവും വരുന്ന പഞ്ചലോഹ വിഗ്രഹം സ്ഥിതി ചെയ്യുന്നത്. 1921ൽ ശ്രീനാരായണഗുരു പീരുമേട് സന്ദർശിച്ചതിന്റെ നൂറാം വാർഷിക ദിനമായ 2021 ഫെബ്രുവരി 21നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുദേവ പ്രതിഷ്ഠ നാടിന് സമർപ്പിച്ചത്. ഗുരുദേവന്റെ മരുത്വാമലയിലെ തപസിനെ അനുസ്മരിപ്പിക്കും വിധമുള്ള വിഗ്രഹം നിർമ്മിച്ചത് ശിൽപ്പി തൃക്കാക്കര രാജുവാണ്. ഏകദേശം എട്ടരമാസത്തോളം എടുത്താണ് രാജു വിഗ്രഹം പൂർത്തിയാക്കിയത്. നൂറുകണക്കിന് കിലോ ഓട്,​ ചെമ്പ്,​ സ്വർണം,​ വെള്ലി എന്നിവ സമാഹരിച്ചാണ് വിഗ്രഹം നിർമ്മിച്ചത്.

കൂട്ടിന് സർപ്പവും പുലിയും

നാരായണൻ ശ്രീനാരായണ ഗുരുദേവനായി പരിവർത്തനം ചെയ്യപ്പെട്ട് മരുത്വാമലയിൽ തപസ് അനുഷ്ഠിച്ചതിനെ അനുസ്മരിപ്പിക്കുംവിധമാണ് വിഗ്രഹത്തിന്റെ നിർമ്മിതി. അന്ന് തപസിൽ ഗുരുവിന്റെ സന്തത സഹചാരികളായി പാമ്പും പുലിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സമാനമായി അഞ്ച് തലയുള്ള ഫണം വിടർത്തി നിൽക്കുന്ന സർപ്പവും പുലിയും ഗുരുവിനോട് ചോർന്ന് നിൽക്കുന്ന ശിൽപ്പമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കുമാരനാശാന്റെയും ഡോ. പൽപ്പുവിന്റെയും രൂപരേഖയും ഒരുക്കിയിട്ടുണ്ട്.

'ലോകത്ത് പണിതുയ‌ർത്തിയിരിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണിത്. ഏറെ വ്യത്യസ്തമായ ഐതിഹ്യമുള്ള ഈ വിഗ്രഹത്തെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നു."

-സജി പറമ്പത്ത്,​ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ്