 കിലോയ്ക്ക് 70ലെത്തി തേങ്ങ വില

തൊടുപുഴ: നല്ല ചൂട് ഇഡ്ഢലിയോ ദോശയോ ഒപ്പം നല്ല രസികൻ തേങ്ങാ ചമ്മന്തിയോ ഇല്ലാത്ത ഒരു പ്രഭാത മെനു മലയാളി വീടുകളിൽ ചുരുക്കമാണ്. എന്നാൽ ഇപ്പോൾ തെങ്ങിനെക്കാൾ ഉയരത്തിൽ എത്തിനിൽക്കുകയാണ് തേങ്ങയുടെ വില. നാളികേര വില ഇരട്ടിയോളം ഉയർന്ന് 70 രൂപയിലേക്ക് എത്തി. ഒരു മാസം മുമ്പ് വരെ ജില്ലയിലെ ചില്ലറ വിൽപ്പന വില 35 രൂപയായിരുന്നു. ഇതാണ് പെട്ടെന്ന് കുത്തനെ ഉയർന്ന് 65ഉം എഴുപതുമായത്. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണയ്ക്കടക്കം വില കുത്തനെ കൂടി. ഇത് പല കുടുംബങ്ങളിലെയും അടുക്കള ബഡ്ജറ്റിന്റെ താളംതെറ്റിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു.

നാളികേരത്തിന്റെ ഉത്പാദനം കുറ‌ഞ്ഞതാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്നും പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നുമാണ് ജില്ലയിൽ നാളികേരം കൂടുതലായും എത്തിയിരുന്നത്. ഓണക്കാലത്തിന് തൊട്ടുമുന്നേ മുതലാണ് തേങ്ങയുടെ വില വർദ്ധിക്കാൻ തുടങ്ങിയത്. ഇതോടെ കേരളത്തിലെ കർഷകർ ഭൂരിഭാഗവും തേങ്ങ വിറ്റഴിച്ചു. എന്നാൽ വില വീണ്ടും ഉയർന്നെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയു‌ടെ വരവ് കുറഞ്ഞത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. വലിയ വില കൊടുത്ത് തേങ്ങ വാങ്ങാൻ എത്തുന്നവരും കുറഞ്ഞു.

ഇനിയും കൂടും

തേങ്ങ ഉത്പാദനത്തിൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഇനിയും വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. മാലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്ന് നേരത്തെ കേരളത്തിലേക്ക് തേങ്ങ എത്തിയിരുന്നു. അടുത്തിടെ ഇതിലും കുറവുണ്ടായി. മുല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയതും വിപണിയിൽ തേങ്ങവില കുതിക്കാൻ കാരണമായി. ബിസ്‌കറ്റ്, ഇൻസ്റ്റന്റ് തേങ്ങാപ്പാൽ എന്നിവയ്ക്ക് ഉൾപ്പെടെ തേങ്ങ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെ പൊതുവിപണിയിലേക്കുള്ള തേങ്ങ വരവും കുറഞ്ഞു.

'ഒരു മാസം കൊണ്ടാണ് നാളികേര വില ഇരട്ടിയായത്. തമിഴ്നാട്ടിലെ വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിച്ച് നാളികേര വില ഉയർത്താൻ ശ്രമിക്കുന്നതും പ്രതിസന്ധിയാണ്."
-രാജു തരണിയിൽ (പ്രമുഖ എണ്ണ വ്യാപാരിയും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും)​

കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയർന്നു
തേങ്ങയ്ക്കൊപ്പം കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില ഉയർന്നു. 100 രൂപയിൽ താഴെയുണ്ടായിരുന്ന ക്രൊപ്ര വില ഉയർന്ന് 140ലേക്ക് എത്തി. വെളിച്ചെണ്ണ ഒരു ലിറ്ററിന് 180- 190 രൂപയുണ്ടായിരുന്നത് 220ലേക്ക് എത്തി. ഒരു ലിറ്റർ വെളിച്ചെണ്ണ കിട്ടാൻ ഒന്നര ക്കിലോ കൊപ്ര വേണ്ടിവരും. ഇതോടെ വെളിച്ചെണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിലയും ഉയരും. ഓണക്കാലത്ത് ഉപ്പേരി വില 400 രൂപ വരെയെത്തിയിരുന്നു.

 തേങ്ങ വില- ₹70

 എണ്ണ വില- ₹220

 കൊപ്ര- ₹140