തൊടുപുഴ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളയുടെയും ഹൈദരാബാദ് ആസ്ഥാനമായ എൻഐഇപിഐഡി ന്റേയും നേതൃത്വത്തിൽ പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർർഡിനേറ്റർ ഡി. ബിന്ദുമോൾ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻഐഇപിഐഡി സ്‌പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ ഗ്രിഗർ പൗലോസ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 27 കുട്ടികൾക്കാണ് വിവിധ വിഭാഗങ്ങളിലായി ടി.എൽ.എം കിറ്റുകൾ വിതരണം ചെയ്തത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനം എളുപ്പവും രസകരവും ആക്കുന്നതിന് വേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയ പഠന സഹായികളാണ് കിറ്റുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ഭാഷാ, ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനും സർഗ്ഗാത്മകശേഷികൾ പരിപോഷിപ്പിക്കുന്നതിനും ദിനചര്യകൾ പരിശീലിപ്പിക്കുന്നതിനും സാമൂഹിക ഉൾച്ചേർക്കൽ എളുപ്പമാക്കി തീർക്കുന്നതിനും സഹായിക്കുന്ന പഠന ബോധന സാമഗ്രികളാണ് കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.