ഭൂമാഫിയയെ വാഴാൻ വിടില്ല: മന്ത്രി കെ. രാജൻ
ചെറുതോണി/ നെടുങ്കണ്ടം: പണത്തിന്റെയും മസിൽപവറിന്റെയും ബലത്തിൽ ഭൂമി കൈയടക്കി വയ്ക്കാമെന്ന തോന്നൽ കേരളത്തിൽ നടക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണി ടൗൺ ഹാളിലും ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പട്ടയ വിതരണം നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൊക്രമുടി കൈയേറ്റത്തിൽ തുടർ നടപടികളുണ്ടാകും. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം ഇക്കാര്യം അന്വേഷിച്ചുവരികയാണ്. വിവാദ സ്ഥലത്ത് പ്രത്യേക സർവേ നടത്തും. അനധികൃത കൈയേറ്റമാണെങ്കിൽ പട്ടയം റദ്ദാക്കും. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കും. വ്യാജ പട്ടയം തയ്യാറാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമനപടി സ്വീകരിക്കും. കുടിയേറ്റവും കൈയേറ്റവും ഒരു പോലെ കാണുന്നില്ല. എത്ര വലിയവനായാലും നടപടിയുണ്ടാവും. ഏലമലക്കാടുകളിലെ ചെറിയഭാഗം വനംവകുപ്പിന് അവകാശപ്പെട്ടതാണെങ്കിലും ബാക്കിയുള്ളവയെല്ലാം റവന്യൂ ഭൂമീയാണെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കും. ഭൂമിയുടെ അതിരും കണക്കും തിട്ടപ്പെടുത്താനാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറുതോണിയിൽ മന്ത്രി റോഷി അഗസ്റ്റിനും നെടുങ്കണ്ടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞും അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്തഗങ്ങളായ കെ.ജി. സത്യൻ, ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, എ.ഡി.എം ഷൈജു പി. ജേക്കബ്ബ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
ഇതുവരെ
7964 പട്ടയങ്ങൾ
ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ജില്ലയിൽ 7964 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളിൽ നിന്ന് നാലാം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 2941 കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 506 പട്ടയങ്ങളാണ് ഇടുക്കി, ഉടുമ്പൻചോല പട്ടയമേളകളിലായി വിതരണം ചെയ്തത്. 302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം ചെയ്തു. ശേഷിക്കുന്ന 2435 പട്ടയങ്ങൾ വരുംമാസങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.