തൊടുപുഴ: പിതാവ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും പി.ജെ. ജോസഫ് എം.എൽ.എയുടെ മകനുമായ അപു ജോൺ ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിൽ സജീവമാകുമോയെന്നതടക്കമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.ജെ. ജോസഫിന് പകരം താങ്കൾ അടുത്ത തവണ മത്സരിക്കുമെന്ന് കേൾക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അങ്ങനെ ആർക്കും എന്തും പറയാമല്ലോയെന്നായിരുന്നു അപുവിന്റെ മറുപടി. പദവികളിലേക്കോ സ്ഥാനമാനങ്ങളിലേക്കോ തന്നെ കൊണ്ടുവവരാനാണെങ്കിൽ പിതാവിന് 25 വർഷം മുമ്പ് ആകാമായിരുന്നു. എന്നാൽ മക്കൾ രാഷ്ട്രീയത്തോട് യോജിപ്പുള്ളയാളല്ല തന്റെ പിതാവ് പി.ജെ. ജോസഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി സീറ്റിൽ താൻ മത്സരിക്കുമെന്ന വ്യാജ പ്രചരണമുണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയാൽ പിന്നീട് പരിഗണിക്കാമെന്ന് മാത്രമാണ് അന്ന് അത്തരം വാർത്തകളോട് പിതാവ് പ്രതികരിച്ചത്. പാർട്ടിയിൽ യോഗ്യരും സീനിയറുമായ നിരവധിപ്പേരുണ്ട്. അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി താൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അപു പറഞ്ഞു.