''ഓരോ വ്യക്തിയിലും ആത്മശക്തിയുടെ അഗ്നിജ്വാലകളെ
ഊതിക്കത്തിക്കുന്ന ദൗത്യമാണ് അമ്മ ഏറ്റെടുത്തിരിക്കുന്നത്.
ജനഹൃദയങ്ങളിൽ ദിവ്യപ്രേമത്തിന്റെ ജീവജലം
പകരുന്ന മന്ദാകിനിയാണ് അമ്മ'
ഓരോരുത്തരും തനിയെ ചെയ്യേണ്ടതാണു ജീവിതയാത്ര. അനുഭവങ്ങളെയും സാഹചര്യങ്ങളെയും തരണംചെയ്യേണ്ടി വരുമ്പോൾ, എല്ലാവരും ഒറ്റയ്ക്കല്ലേ? ഉപദേശങ്ങൾ തരാൻ അനവധി പേരുണ്ടാകും. പക്ഷേ, പ്രതിസന്ധികളെ മാനസികമായി നേരിടേണ്ട ഉത്തരവാദിത്വം അവനവന്റേതു മാത്രമാണ്.
കുരുക്ഷേത്ര യുദ്ധഭൂമിയിൽ സാക്ഷാൽ ശ്രീകൃഷ്ണൻ എന്താണ് ചെയ്തത് ? പാർത്ഥനു കൃത്യമായ മാർഗദർശനം നല്കി. യുദ്ധം ചെയ്തത് അർജ്ജുനനാണ്. പ്രപഞ്ചത്തിന്റെ നിഗൂഢത അറിഞ്ഞ, ജീവിതത്തിന്റെ അകവും പുറവും ദർശിച്ച മഹാഗുരുവായിരുന്നു കൃഷ്ണൻ. നാം ഓരോരുത്തരുടെയും അകത്തും പുറത്തും ഒരു മഹാഭാരതയുദ്ധം അനുനിമിഷം നടന്നുകൊണ്ടിരിക്കുന്നു. ഹൃദയവും ബുദ്ധിയും തമ്മിൽ, ഭൂതവും ഭാവിയും തമ്മിൽ വിചാരവികാരങ്ങൾ തമ്മിൽ, മനസും മനഃസാക്ഷിയും തമ്മിൽ അന്തമില്ലാത്ത പോരാട്ടം നടക്കുകയാണ് .
സാഗരവും സംഘർഷഭൂമിയും ഒരുപോലെയാണ്. പ്രക്ഷുബ്ധതയാണ് രണ്ടിന്റെയും പ്രകൃതം. പടക്കളത്തിൽ യുദ്ധത്തിനിറങ്ങുന്നതിനു മുൻപ് , ആയോധനകലയിൽ നല്ല പ്രാവീണ്യവും പരിചയവും സിദ്ധിക്കണം. അതിനു പ്രഗല്ഭനായ ഒരു ഗുരുവിന്റെ കീഴിൽ അഭ്യസിക്കണം. കടലോളങ്ങൾക്കൊത്തു നീന്തിത്തുടിച്ചുല്ലസിക്കാൻ സമർത്ഥനായൊരു നീന്തൽക്കാരൻ ആ വിദ്യയുടെ മർമ്മം പഠിപ്പിച്ചുതരണം. അതുപോലെതന്നെയാന്നു ജീവിതത്തിന്റെ കാര്യവും. ലോകത്തിൽ വിജയം നേടുന്നവർ പലരും അതിനു വിലയായി നല്കുന്നതു സ്വന്തം ജീവിതംതന്നെയാണ്. സ്‌നേഹവും സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വിജയം. അതാണോ ലക്ഷ്യം? അല്ലെങ്കിൽ, പരിമിതമായ ശരീരത്തെയും ഇന്ദ്രിയങ്ങളെയും മാത്രം ആശ്രയിച്ചാൽ പോരാ. അമ്മയെപ്പോലെയുള്ള സദ്ഗുരുക്കന്മാരുടെ സഹായം തേടണം. അവരുടെ ജീവിതവും സാന്നിദ്ധ്യവും ഉപദേശങ്ങളും ഒരു വലിയ ഉൾപ്രേരകശക്തിയായിത്തീരും. അതു നമ്മളെ ശരിയായ ദിശയിലൂടെ നയിക്കും.കർമ്മധീരന്മാരായ പാർത്ഥന്മാരെ സൃഷ്ടിക്കാൻ അമ്മയെപ്പോലുള്ള മഹാഗുരുക്കന്മാർക്കു യാതൊരു പ്രയാസവുമില്ല. രാമായണത്തിലെ ചില ഉദാഹരണങ്ങൾ ഓർമ്മവരുന്നു. രാവണവധം കഴിഞ്ഞു ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തി.
രാജാവായി ഭരണം ഏറ്റെടുത്ത അദ്ദേഹത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ സമ്പദ്സമൃദ്ധിയിലേക്കു നയിക്കുക എന്നുള്ളതായിരുന്നു. ഇതിനുവേണ്ടി ആദ്യം അദ്ദേഹം ശത്രുക്കളുമായി സന്ധിയുണ്ടാക്കി. അവരെ മിത്രങ്ങളാക്കി.സ്വന്തം രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കുംവേണ്ടി, അന്യരാജ്യങ്ങളെ ആക്രമിക്കുകയും അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുകയും അവരുടെ സംസ്‌കാരത്തിനു തുരങ്കം വയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണു നാം ഇന്നു കാണുന്നത്. പക്ഷേ, വികസനത്തെക്കുറിച്ചുള്ള രാമന്റെ സങ്കല്പം അതായിരുന്നില്ല. അഭിരുചിക്കനുസരിച്ചു ജനങ്ങൾക്കു വളരാൻ വേണ്ടത്ര അവസരങ്ങൾ സൃഷ്ടിച്ചുകൊടുക്കുക, അതിലൂടെ രാജ്യത്തിനു വികാസം കൈവരിക്കുക. അങ്ങനെയാണു രാമൻ വികസനപദ്ധതി ആവിഷ്‌കരിച്ചത്.
നിറഞ്ഞൊഴുകുന്ന സരയൂ നദി, ഫലഭൂയിഷ്ഠമായ ഭൂമി, സത്യസന്ധരും സദാചാരനിഷ്ഠരും അദ്ധ്വാനികളുമായ ജനങ്ങൾ കൃഷി, ചെറുകിടവ്യവസായങ്ങൾ, കച്ചവടം അങ്ങനെ എല്ലാംകൊണ്ടും സമ്പന്നമായിരുന്നു രാമരാജ്യം.അതിശക്തനും ദയാലുവും ധർമ്മമൂർത്തിയും ആയിരുന്നു ശ്രീരാമൻ. അതുകൊണ്ടാണ് , ലങ്ക കീഴടക്കിയെങ്കിലും രാജ്യം തിരികെ വിഭീഷണനു നല്കിയതും രാജാവായി വാഴിച്ചതും. എന്നാൽ, ഈ സംഭവത്തിലൂടെ തന്ത്രപ്രധാനമായ വിദേശനയത്തിന്റെ മനോഹരമായൊരു മാതൃകയും രാമൻ ലോകത്തിനു നല്കുന്നു.
ജനങ്ങളുടെ ദുഃഖവും ദുരിതവും ആണ് അമ്മയെ വേദനിപ്പിക്കുന്നത്. അതു പരിഹരിക്കാനുള്ള മാർഗങ്ങളാണ് അമ്മ എപ്പോഴും ചിന്തിക്കുന്നതും നടപ്പാക്കുന്നതും. സമ്പത്തല്ല, കാരുണ്യമാണ് അമ്മയുടെ ശക്തി.
അതാണ് മനുഷ്യമനസുകളുടെ ഉള്ളറ തുറക്കാൻ അമ്മ ഉപയോഗിക്കുന്ന താക്കോൽ. പ്രേമത്തിന്റെ ഒരു പുതിയ വിജയഗാഥ ഇവിടെ രചിക്കപ്പെടുകയാണ്. അതു കേൾക്കാൻ ലോകം കാതോർത്തിരിക്കുന്നു..