 ഈ മാസം ഇതുവരെ 6659 പനി ബാധിതർ

തൊടുപുഴ: ജില്ലയിലെങ്ങും വൈറലായി വൈറൽ പനി. ഈ മാസം ഇതുവരെ 6659 പേരാണ് പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 284 പേരും ഈ ആഴ്ചയിൽ 1262 പേരും ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരെ കൂടാതെയാണ് ഈ കണക്ക്. പനി രണ്ട് ദിവസം കൊണ്ട് മാറിയാലും ചുമയും ജലദോഷവും വിട്ടുപോകാൻ ആഴ്ചകളെടുക്കുന്നുണ്ടെന്ന് രോഗികൾ പറയുന്നു. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വിട്ടുവിട്ട് പനി ഉണ്ടാകുന്നുണ്ട്. വിദ്യാർത്ഥികളിലടക്കം പനി വ്യാപിക്കുന്നത് സ്കൂളിലെ ഹാജർ നിലയെയും ബാധിക്കുന്നുണ്ട്. വൈറൽ പനിയ്ക്കൊപ്പം ആശങ്കയുയർത്തി ഡെങ്കിപ്പനിയും കൂടുന്നുണ്ട്. ഈ മാസം തന്നെ 58 പേ‌ർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഈ വർഷം ഇതുവരെ 580 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച മൂന്നു പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ഈ മാസം മൂന്നു പേർ എലിപ്പനി ബാധിച്ച് ചികിത്സതേടി. ഈ വർഷം ഇതുവരെ 35 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ഈ വർഷം 82 പേരാണ് മഞ്ഞപ്പിത്ത ബാധിതരായത്. ഈ മാസം ആറ് പേർ ചികിത്സ തേടി. രണ്ട് പേർ മരണപ്പെട്ടു. ഹെപ്പറ്റെറ്റീസ് ബി, സി ബാധിതർ വേറെയുമുണ്ട്. കഴിഞ്ഞ ദിവസം നാല് പേർക്ക് ചൂടുപനി സ്ഥിരീകരിച്ചിരുന്നു. ഈ മാസം 30 പേരാണ് ചൂടുപനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം 15 പേർക്ക് മലേറിയയും ആറ് പേർക്ക് ന്യുമോണിയയും ബാധിച്ചിട്ടുണ്ട്.

സൂക്ഷിക്കണം

പനിയെ

കൊവിഡ്- 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച് 1 എൻ 1, ചിക്കൻപോക്സ്, സിക്ക, കുരങ്ങ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് കൂടുതലും വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ദ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല.

=സാധാരണ വൈറൽപ്പനി സുഖമാവാൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം.

വെള്ളം കെട്ടിനിൽക്കരുത്

വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വെള്ളത്തിൽ കൊതുക് മുട്ടയിടാനുള്ള സാദ്ധ്യത ഏറെയാണ്. ഇവയിൽ എലിയോ മറ്റ് ജീവികളുടെയോ വിസ‌ർജ്യം ഉൾപ്പെടെ കലരാനും സാദ്ധ്യതയുണ്ട്. ഇത്തരം വെള്ളത്തിൽ നിന്ന് രോഗ വ്യാപന സാദ്ധ്യയും ഏറെയാണ്. വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.