ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ. രാജന്റെയും മന്ത്രി റോഷി അഗസ്റ്റിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. 1964 ചട്ടങ്ങൾ അനുസരിച്ച് വിതരണം ചെയ്യേണ്ട പട്ടയങ്ങൾ ഹൈക്കോടതി മരവിപ്പിച്ചിട്ട് ഒമ്പത് മാസം കഴിഞ്ഞു. അമിക്കസ് ക്യൂറി ജില്ലയ്ക്കെതിരായ തരത്തിൽ റിപ്പോർട്ട് നൽകുന്നത് അതേപടി കോടതി അംഗീകരിക്കുകയാണ് ചെയ്യുന്നത്. 1964 ചട്ടങ്ങൾ അനുസരിച്ച് വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങൾ എല്ലാം വ്യാജമാണെന്ന് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് ആ വിധത്തിലാണ്. അതിനനുസരിച്ച് കോടതി പട്ടയ നടപടികൾ മരവിപ്പിക്കുകയായിരുന്നു. സർക്കാർ ഭാഗം അഭിഭാഷകർ ഇതിനനുകൂലമായി മൗനം പാലിക്കുകയായിരുന്നു. 1964 റൂൾ അനുസരിച്ച് വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങൾ വ്യാജമല്ലെന്നും സർക്കാർ ഭൂമി കൈയേറി വ്യാജപട്ടയങ്ങൾ നിർമ്മിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറയാനുള്ള ആർജ്ജവം സർക്കാർ അഭിഭാഷകർക്കില്ലാതെ പോകുന്നത് ദുരൂഹമാണ്. ഹൈക്കോടതി പട്ടയനടപടി മരവിപ്പിച്ചതിനു ശേഷം ഒരു എതിർ സത്യവാങ്ങ്മൂലം പോലും നൽകാൻ കഴിയാതെ സർക്കാരിന് വീഴ്ച പറ്റി. എം.പി എന്ന നിലയിൽ ഈ കേസിൽ കക്ഷി ചേർന്ന് താൻ എതിർസത്യവാങ്മൂലം അപ്പോൾ തന്നെ നൽകി. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോൾ മാത്രമാണ് കോടതിയിൽ മറുപടി നൽകിയിട്ടുള്ളത്. അത് പരിഗണിക്കാൻ പോകുന്നതേയുള്ളൂ. സർക്കാരിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾക്ക് പട്ടയം നൽകാൻ കഴിയുമായിരുന്നു.
ചൊക്രമുടിയിൽ ഉൾപ്പെടെ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ചവർക്കെതിരെ നിരവധി തെളിവുകൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ വൈകുന്നത് ദുരൂഹമാണ്. ഇത്തരത്തിലുള്ളവർ കാരണം ബുദ്ധിമുട്ടിലാവുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചത് പോലും പണി കഴിപ്പിക്കാൻ സാധാരണക്കാർക്ക് സാധിക്കുന്നില്ല. വാത്തിക്കുടി വില്ലേജിൽ ഒരു പൊതുപ്രവർത്തകന് വീട് നിർമ്മിക്കാൻ അനുമതി നൽകാത്തത് സി.എച്ച്.ആർ മേഖലയാണെന്ന് ചൂണ്ടിക്കാണിച്ചാണ്. ഈ നിലയിൽ സാധാരണക്കാരന് നിർമ്മാണ അനുമതി നിഷേധിക്കുകയും ചൊക്രമുടിയിൽ യഥേഷ്ടം നിർമ്മാണം നടത്തുകയും ചെയ്യുമ്പോൾ സർക്കാർ അവർക്കനുകൂലമായി നിൽക്കുകയാണ്.
അതേവേദിയിൽ മറുപടി നൽകി മന്ത്രി
എം.പിയുടെ വിമർശനങ്ങൾക്ക് അതേ വേദിയിൽ തന്നെ മന്ത്രി കെ. രാജൻ മറുപടി നൽകി. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെ യു.ഡി.എഫ് പ്രതികരിച്ചില്ല. നിയമസഭയിൽ ഒന്നിച്ച് പാസാക്കിയ നിയമം യു.ഡി.എഫ് കത്തിക്കുകയും ചെയ്തു. വിഷയത്തിൽ അമിക്യസ്കൂറിയെ നിയമിച്ചത് കോടതിയാണ്. കോടതി തന്നെയാണ് ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായി തന്നെ അത് നൽകും. എം.പിയുടെ നിർദ്ദേശപ്രകാരം ഇക്കാര്യങ്ങൾ കോടതിയിൽ ഉറപ്പിച്ചു പറയുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.