f

ഇടുക്കി: തൃശൂർ പൂരം അലങ്കോലമായതിനെ പറ്റി എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റിനിറുത്തി അന്വേഷിക്കണമെന്ന സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ.

അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടുന്നതു വരെ കാത്തിരിക്കാം. സുരേഷ് ഗോപി പൂരപ്പറമ്പിലേക്ക് ആംബുലൻസിൽ എത്തിയതിൽ പരാതി ഉയർന്നിട്ടുണ്ട്. ആർക്കൊക്കെ ആംബുലൻസിൽ സഞ്ചരിക്കാമെന്ന് മാർഗനിർദേശമുണ്ട്. അത് പാലിച്ചോയെന്ന് പരിശോധിക്കണം. താൻ ഉൾപ്പെടെയുള്ളവർ നടന്നാണ് പൂരപ്പറമ്പിൽ എത്തിയത്. പൂരം കലക്കിയതിൽ സുരേഷ് ഗോപിക്ക് പങ്കുണ്ടോ എന്നതിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെറുതോണിയിൽ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നും തുടരന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ കെ. രാജന്റെ നേതൃത്വത്തിൽ സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. എ.ഡി.ജി.പിയുടെ ഇടപെടലുകൾ ദുരൂഹമായതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് സി.പി.ഐയുടെ നിലപാട്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് അപൂർണമായതിനാലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് പരാമർശമില്ലാത്തതിനാലും തുടരന്വേഷണത്തിന് ഡി.ജി.പിയും ശുപാർശ നൽകിയിട്ടുണ്ട്. അജിത്തിനെതിരെ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ ഡി.ജി.പിയും സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും അന്വേഷണം നടത്തിവരികയാണ്.