kpn
ഭക്ഷ്യവിഷബാധയേ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളടക്കമുള്ളവർ .

ഇടുക്കി :നഗരത്തിൽ തുടർച്ചയായി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ ബേക്കറിയായ മൈ കൊച്ചിനിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റിരിക്കുന്നത്. കട്ടപ്പന കുന്തളംപാറ ശിവവിലാസം വീട്ടിൽ കാർത്തിക, മക്കളായ ശിവരഞ്ജിനി, തേജശ്രീ, കാർത്തികയുടെ സഹോദരി സുരേഷ് ഭവൻ ചിത്രയുടെ മകൻ സവേഷ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധഏറ്റത്. ബുധൻ വൈകുന്നേരമാണ് ഇവർ ബേക്കറിയിൽ നിന്നും പപ്സും സമൂസയും കഴിച്ചത്, ഇതിൽ സമൂസയിൽ പാറ്റയെ കണ്ടെത്തി എന്നും പരാതിക്കാർ പറയുന്നു. വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നഗരത്തിൽ തുടർച്ചയായി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. പരാതി ഉയരുമ്പോൾ നഗരസഭ ആരോഗ്യ വിഭാഗം പിഴയടക്കം നൽകി നടപടി സ്വികരിക്കുമെങ്കിലും ഏതാനം ദിവസങ്ങൾക്കകം തന്നെ സ്ഥാപനം തുറന്നു വീണ്ടും പ്രവർത്തിക്കുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും എന്നും നേതാക്കൾ അറിയിച്ചു.
കഴിഞ്ഞദിവസം കട്ടപ്പന പള്ളിക്കവലയിലെ എയ്സ് ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു എന്ന് വ്യക്തമാക്കി നഗരസഭ നടപടി സ്വികരിച്ചിരുന്നു. മുൻപും വിവിധ ഹോട്ടലുകളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം പഴയ ഭക്ഷണസാധനങ്ങൾ പിടികൂടിയിട്ടുണ്ട്. എന്നാൽ ഈ ഹോട്ടലുകൾ ദിവസങ്ങൾക്കകം തന്നെ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് കാണാനാകുന്നത്.