വണപ്പുറം: പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മർദ്ദനമേറ്റു. വണപ്പുറം പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. പ്രസിഡന്റ് എം.എ. ബിജു, വൈസ് പ്രസിഡന്റ് റഹീമ പരീത് എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാർ സ്വദേശി രഞ്ജിത് കണിച്ചാട്ടാണ് മർദ്ദിച്ചതെന്ന് ഇവർ പറഞ്ഞു. രഞ്ജിത് സി.പി.എം പ്രവർത്തകനാണെന്ന് യു.ഡി.എഫ് ആരോപിച്ചു. വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള മാർക്കിടീൽ വൈസ് പ്രസിഡന്റിന്റെ ഓഫീസിൽ നടക്കുന്നതിനിടെ രഞ്ജിത്ത് ബഹളം വയ്ക്കുകയായിരുന്നു. കമ്മിറ്റിയിൽ അംഗമല്ലാത്ത ആളുകൾ മാർക്കിടുന്ന കമ്മിറ്റിയിൽ പങ്കാളികളായി എന്ന് ആരോപിച്ചായിരുന്നു ബഹളം. പിന്നീട് അനർഹരെ ഒഴിവാക്കി യോഗം തുടർന്നെങ്കിലും ഇയാൾ പ്രശ്നം ഉണ്ടാക്കാൻ തുനിഞ്ഞപ്പോൾ പ്രശ്നം ഉണ്ടാക്കരുതെന്ന് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് കസേരയുമായി പാഞ്ഞടുക്കുകയായിരുന്നെന്ന് വൈസ് പ്രസിഡന്റ് റഹീമാ പരീത് പറഞ്ഞു. കസേര ദേഹത്തു തട്ടി ഇവർ നിലത്തു വീണു. ശബ്ദം കേട്ട് ഓടിയെത്തി തടസം പിടിക്കുന്നതിനിടെ തന്റെ ഷർട്ട് വലിച്ച് കീറുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നെന്ന് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു. ഓഫീസിലുണ്ടായിരുന്നവർ ചേർന്ന് ആദ്യം വണ്ണപ്പുറത്തെ ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. സംഭവത്തിൽ വൈസ് പ്രസിഡന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് കേസെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രജ്ഞിത് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വൈസ് പ്രസിഡന്റ് റഹീമാ പരീത് നൽകിയ പരാതിയിൽ കാളിയാർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഓഫീസിലെ അതിക്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട രഞ്ജിത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടിച്ചു കൂടി. തുടർന്ന് വണ്ണപ്പുറം ടൗണിൽ പ്രകടനം നടത്തി. യു.ഡി.എഫ് നേതാക്കളായ പി.എം. ഇല്യാസ്, ഷാഹുൽ ഹമീദ്, എം.പി. ജോണി, ഷൈനി റെജി, ആൽബർട്ട് ജോസ്, സജി കണ്ണംപുഴ, രാജീവ് ഭാസ്‌കർ, അനീഷ് കിഴക്കേൽ, റഷീദ് തോട്ടുങ്കൽ, പി.എം. ഷെരീഫ്, സുബൈർ ഇല്ലിക്കൽ, ദിവ്യ അനീഷ്, ഇസബെല്ല ജോഷി, സുബൈദ സുബൈർ, ടി.എം അഷറഫ് എന്നിവർ പ്രസംഗിച്ചു. കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ ഹണി, എസ്.ഐമാരായ സാബു കെ. പീറ്റർ, സജി പി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും പഞ്ചായത്തിൽ എത്തിയിരുന്നു.

തങ്ങളെയാണ് മർദ്ദിച്ചതെന്ന് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ
വണ്ണപ്പുറം: പഞ്ചായത്തിൽ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ കൃത്രിമം നടത്താനുള്ള ശ്രമം ചോദ്യം ചെയ്തപ്പോൾ തങ്ങൾക്കാണ് മർദ്ദനമേറ്റതെന്ന് 10ാം വാർഡ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ. പരിക്കേറ്റ രഞ്ജിത്ത് തൊടുപുഴ ജില്ലാ ആശുപത്രിയിലും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീത രഘുനാഥ് തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിലും ചികിത്സ തേടി. പഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജു, വൈസ് പ്രസിഡന്റ് റഹീമ പരീത്, മുസ്ലീം ലീഗ് നേതാക്കളായ റഷീദ് തോട്ടുങ്കൽ, ടി എം അഷറഫ്, സുബൈദ സുബൈർ തുടങ്ങയവർ ചേർന്നാണ് കൈയേറ്റം നടത്തിയതെന്നാണ് പരാതി. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചായത്തിൽ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ കൃത്രിമം നടത്തിയത് ചോദ്യംചെയ്തവരെ മർദ്ദിച്ച വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റിനും മുസ്ലിംലീഗ് നേതാക്കൾക്കുമെതിരെ കേസെടുത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യനും കളിയാർ ലോക്കൽ സെക്രട്ടറി ജോഷി തോമസും ആവശ്യപ്പെട്ടു.