നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് പ്രസിഡന്റ് ഉൾപ്പെടുന്ന പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ സെക്രട്ടറിയുടെ ക്യാബിനിൽ കയറിയാണ് ഭരണസമിതിയംഗങ്ങൾ ഉപരോധം നടത്തിയത്. ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗപ്പെടുത്താതെ എട്ടു ദിവസത്തോളമായി ജനങ്ങൾക്ക് സെക്രട്ടറി സേവനങ്ങൾ നിഷേധിക്കുന്നെന്നായിരുന്നു ആരോപണം. തുടർന്ന് സ്ഥലത്തെത്തിയ കമ്പംമെട്ട് പൊലീസ്,​ സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളുമായി ചർച്ച നടത്തി. ഡിജിറ്റൽ സിഗ്നേച്ചറിന്റെ പാസ്‌വേഡ് റീ സെറ്റ് ചെയ്ത ശേഷം വൈകിട്ട് നാലോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. സെക്രട്ടറിയുടെ ഉത്തരവാദിത്തക്കുറവ് മൂലം വികസന പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന് ലഭിച്ച 44 ലക്ഷത്തിലധികം രൂപ ലാപ്സായതായി ഭരണസമിതി ആരോപിക്കുന്നു. സേവനങ്ങൾക്കായി വരുന്ന പൊതുജനത്തെ സെക്രട്ടറി അകാരണമായി ബുദ്ധിമുട്ടിക്കുകയാണെന്നും കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ പ്ലാനിംഗ് ഓഫീസിലും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കും പരാതി നൽകിയതായും ഭരണസമിതി പറയുന്നു.