ncc
റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന വനിതാ ബാൻഡ് ടീം

തൊടുപുഴ: 2025ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിന് തൊടുപുഴ ന്യൂമാൻ കോളേജിലെ എൻ.സി.സി വനിതാ ബാൻഡ് സംഘം യോഗ്യത നേടി. കേരളത്തിൽ നിന്ന് ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിലേക്ക് വനിതാ ബാൻഡ് സംഘം തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ തലത്തിലുള്ള ഉന്നത ഗുണനിലവാര പരിശോധനയും ക‌ർശന മാനദണ്ഡവും പാലിച്ചാണ് ടീമിനെ തിര‌ഞ്ഞെടുക്കുന്നത്. രാ‌ജസ്ഥാനിലെ ബിർള ബാലികാ വിദ്യാപീഠം സ്കൂളിലെ പിലാനി ബാൻഡ്, മിസോറാമിൽ നിന്നുള്ള ഗവ. മിസോ ഹൈസ്കൂൾ ബാൻഡ്, രാജസ്ഥാനിൽ നിന്നുള്ള സിന്ധ്യ പബ്ലിക് സ്കൂൾ ബാൻഡ് എന്നിവയ്ക്കൊപ്പമാണ് ന്യൂമാൻ എൻ.സി.സി വനിതാ ടീമും പങ്കെടുക്കുന്നത്. 2016ൽ കോളേജിലെ എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബാൻഡാണിത്. ബാൻഡിന് ആവശ്യമുള്ള സംഗീത ഉപകരണങ്ങൾ മുൻ ഫിസിക്സ് ഡിപ്പാ‌ർട്ട്മെന്റ് മേധാവി പ്രൊഫ. റജീന ജോസഫാണ് നൽകിയത്. ന്യൂമാൻ കോളേജിൽ എൻ.സി.സി ഡയറക്ടറേറ്റിന്റെ വിവിധ പരിപാടികളിൽ ഉൾപ്പെടെ ബാൻഡ് ടീം സംസ്ഥാനത്തെ വിവിധ വേദികളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പിന്നാക്ക മേഖലയിലുള്ള വിദ്യാർത്ഥിനികളാണ് കഠിന പരിശ്രമത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 കേരള ബറ്റാലിയന്റെ കീഴിലുള്ള ന്യൂമാൻ കോളേജിലെ 28 കേ‌‌‌ഡറ്റുകൾ, നിർമ്മല കോളേജ് മൂവാറ്റുപുഴയിലെ ഒമ്പത്,​ എം.എ കോളേജിലെ നാല്, സെന്റ് പീറ്റേഴ്സിലെ നാല് എന്നിങ്ങനെ 45 പേരടങ്ങുന്ന ടീമാണ് ഡൽഹിയിലേക്ക് പ്രകടനം നടത്തുന്നതിന് യോഗ്യത നേടിയിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ വിദ്യാ‌‌ർത്ഥികൾ ഡൽഹിയിലേക്ക് തിരിക്കും. പരിശീലനങ്ങൾക്ക് കേണൽ പ്രശാന്ത് നായർ, ലഫ്. കേണൽ അനിരുദ്ധ് സിങ്, ക്യാപ്ടൻ പ്രജീഷ് സി. മാത്യു എന്നിവ‌ർ നേതൃത്വം നൽകും. അടുത്തഘട്ട പരിശീലനം മിലിറ്ററി അക്കാഡമി ബാഗ്ലൂരിൽ നൽകും. വാർത്താസമ്മേളനത്തിൽ കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മോൺ ഡോ. പയസ് മലേക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ജെന്നി കെ. അലക്സ്,​ അസോസിയേറ്റ് എൻ.സി.സി ഓഫീസ‌ർ ക്യാപ്ടൻ പ്രജീഷ് സി. മാത്യു,​ ബർസാർ ഫാ. എൻ. ബെൻസൺ, ആന്റണി ബാൻഡ് സീനിയർ എം.ആർ. രാധിക എന്നിവർ പങ്കെടുത്തു.